Sunday 6 December 2009

ഖുർ-ആന്റെ പെൺ വായന

തുടർച്ച

സ്വർഗ്ഗത്തിലെ ഹൂറികൾ
മരണം,മരണാനന്തര ജീവിതം/പരലോകം , അന്ത്യവിചാരണ,സ്വർഗ്ഗം, നരകം ഇവിടെയൊന്നും സ്ത്രീപുരുഷവിവേചനം ഖുർ-ആനിലില്ല.ആകപ്പാടെയുള്ള പ്രശ്നം സ്വർഗ്ഗത്തിലെ ഹൂറികളാണ്‌.
ആദ്യകാലത്ത്‌ മക്കാനിവാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ്‌ ഇത്‌ പറയുന്നതെന്നും ഇത്‌ ഖുർ-ആൻ അന്ന് അവലംബിച്ച ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമാണെന്നുമാണ്‌ ആമിനവദൂദ്‌ പറയുന്നത്‌.പിന്നീട്‌ സ്വർഗ്ഗത്തിലെ ഇണകളെ ഇത്തരത്തിലല്ല പറയുന്നത്‌.
ജാഹിലീ അറബിപുരുഷന്മാർക്ക്‌ പ്രത്യേക താൽപര്യമുള്ള വെളുത്ത പെണ്ണുങ്ങളാണ്‌ ഹൂറികൾ.അറബികളുടെ മോഹവും കിനാവുകളുമെന്തെന്ന് ഖുർ-ആൻ കണ്ടറിയുന്നു.
സ്വർഗ്ഗത്തിലെ ആനന്ദം ഭൗതിക സുഖാഢംഭരങ്ങളിൽ നിന്നു ലഭ്യമാകുന്ന ഒന്നാണെന്ന് അക്ഷരാർത്ഥത്തിൽ എടുക്കരുതെന്ന് അവർ പറയുന്നു.മദീനാ സൂക്തങ്ങളെ അവലംബിച്ചാണ്‌ ഇതവർ പറയുന്നത്‌.
എതായാലും സ്ത്രീപക്ഷചിന്തകൽ പുരുഷ ഇസ്ലാമിന്‌ അവഗണിക്കാനാവാത്തവിധം സ്വാധീനശക്തി നേടിക്കൊണ്ടിരിക്കെ ഹൂറികളുടെ വിഷയത്തിൽ ഇത്തരം ഒരു വ്യാഖ്യാനത്തിനേ ഭാവിയിൽ നിലനിൽപുള്ളൂ.അത്‌ അക്ഷരാർത്ഥത്തിലൂള്ള ഖുർ-ആൻ വായനയെ തകിടം മറിക്കും.ഈ വിഷയത്തിൽ ഇങ്ങനെ പറയാമെങ്കിൽ മറ്റു വിഷയങ്ങളിലും ഖുർ-ആനെ ഇങ്ങനെ വ്യാഖ്യാനിക്കാമല്ലോ-സന്ദേഹി.

പെണ്ണൂങ്ങളുടെ അവകാശങ്ങൾ

നമൂക്ക്‌ സ്വായത്തമായിട്ടുള്ള പ്രപഞ്ച വീക്ഷണമനുസരിച്ചാണ്‌ നാം ഖുർ-ആനെ മനസ്സിലാക്കുന്നത്‌.ഖുർ-ആനികാദർശ്ശരാഷ്ട്രം ഇതുവരെ നമുക്ക്‌ സം പ്രാപ്യമായിട്ടില്ല.ഇതിന്‌ പുതിയ വിശകലനങ്ങൾ വേണം.

ആണിലോ പെണ്ണിലോ പാരമ്പര്യമായി ഒരു വൈശിഷ്ട്യവും നിക്ഷിപ്തമല്ല.സനാതനമായ ഒരു അധികാരശ്രേണിയുമില്ല.തൊഴിൽ പരമായ വകതിരിവുകളുമില്ല.ഖുർ-ആൻ അങ്ങിനെ പറയുന്നില്ല.ഉള്ളടക്കം ഒട്ടാകെ വിലയിരുത്തുമ്പോൾ ഇതാണ്‌ ഖുർ-ആനിന്റെ വീക്ഷണം.

ഗർഭധാരണം ഒരു പെണ്ണിനെ സംബന്ധിച്ച്‌ മൗലികമായത്‌ എന്ന് സൂചിപ്പിക്കുന്ന ഒരു പദവും ഖുർ-ആനിലില്ല.അവൾക്കുള്ള ഒരേയൊരു പണി മാതൃധർമ്മാചരണം ആണെന്നതിന്‌ സൂചനയുമില്ല.എല്ലാ പെണ്ണൂങ്ങളും ഗർഭം ധരിച്ചു കൊള്ളണമെന്നില്ലല്ലോ.വംശത്തിന്റെ തുടർച്ചക്ക്‌ സ്ത്രീയുടെ ഗർഭധാരണം അത്യന്താപേക്ഷിതമാണെന്നു മാത്രമേ വിവക്ഷയുള്ളൂ.അതിന്‌ അർഹതപ്പെട്ട ആദരവും അനുകമ്പയും സ്ത്രീക്ക്‌ നൽകണം.

ദിവ്യ ദൗത്യങ്ങൾ/പ്രവാചകത്വം ആണുങ്ങൾക്ക്‌ മാത്രം നൽകിയതെന്തുകൊണ്ട്‌? അതൊരു ജൈവിക സംശ്ലേഷണമല്ല.ഇത്‌ ഫലസിദ്ധിക്കു വേണ്ടിയുള്ള ഒരു തന്ത്രം മാത്രം.മിക്ക സമൂഹങ്ങളും പെണ്ണുങ്ങളോട്‌ മതിപ്പ്‌ കാട്ടിയിരുന്നില്ല.അല്ലാതെ ആണുങ്ങൾക്ക്‌ ശ്രേഷ്ഠത കൽപിക്കുന്നതുകൊണ്ടല്ല.

ആണുങ്ങൾക്ക്‌ പെണ്ണുങ്ങളേക്കാൾ പദവി/ദറജ നൽകൂന്നുണ്ട്‌ എന്ന പരാമർശ്ശത്തെ ആമിനാവദൂദ്‌ വിശദമായി അപഗ്രഥിക്കുന്നുണ്ട്‌.ഇത്‌ വിവാഹമോചനതിന്റെ സന്ദർഭത്തിൽ മാത്രം പറയുന്ന ഒന്നാണ്‌.ഇതിന്‌ സ്ഥലകാല, നാട്ടുനടപ്പ്‌ പരിമിതികളുണ്ട്‌.

പിന്നീട്‌ ആണുങ്ങൾക്ക്‌ മുൻ ഗണന/ഫദ്ദല നൽകിയെന്ന ഖുർ-ആൻ പരാമർശ്ശവും ചർച്ച ചെയ്യുന്നുണ്ട്‌.കുടുംബം ,അനന്തരാവകാശം എന്നിവയിൽ ആണിന്ന്‌ മുൻ ഗണന നൽകിയതിനെക്കുറിച്ചാണ്‌ പരാമർശ്ശം.ഇത്‌ വെച്ച്‌ മൗദൂദിയും സമഖ്ശരിയും ആണുങ്ങളെ അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും പുരുഷന്മാർ സ്ത്രീകളുടെ കൈകാര്യ കർത്താക്കളാണെന്നും വിധിയെഴുതുന്നു.എന്നാൽ അസീസാ അൽ ഹിബ്രി ഇത്‌ തള്ളിക്കളയുന്നു.

തൊഴിലും ഉപജീവനോപാധികളും ആണിന്റെ കയ്യിൽ നിക്ഷിപ്തമായ ഒരു സാമൂഹിക സാഹചര്യത്തിൽ മാത്രമേ ഈ പരാമർശ്ശം പ്രസക്തമാകുന്നുള്ളൂ.കുടുംബത്തിന്റെ നേതൃത്വം പുരുഷനായത്‌ സാമൂഹിക സാഹചര്യം മൂലമാണ്‌. നേതൃത്വം ശ്രേഷ്ഠതയല്ല, ഉത്തരവാദിത്തമാണ്‌. അത്‌ കുടുംബത്തിലായാലും പുറത്തായാലും.സാമൂഹിക ഘടന മാറുമ്പോൾ നേതൃത്വവും മുൻ ഗണനകളും മാറാം.

അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യയെ അവസാനപോംവഴി എന്ന നിലയിൽ അടിക്കാം എന്ന് ഖുർ-ആൻ പറയുന്നുണ്ട്‌.ഇതിനെ കുടുംബത്തിന്റെ കെട്ടുറപ്പ്‌,പുരുഷന്റെ കടമകൾ തുടങ്ങി പലകാര്യങ്ങളെയും മുൻ നിർത്തിചർച്ചചെയ്യുന്നു.

മൊഴിചൊല്ലലും ബഹുഭാര്യത്വവും മറ്റും

പുരുഷന്‌ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള അധികാരം നിരുപാധികമോ സർവ്വകാലികമോ അല്ല.ദാമ്പത്യ പൊരുത്തക്കേടുണ്ടായാൽ ഒന്നുകിൽ പിരിയുക അല്ലെങ്കിൽ രമ്യമായി ഒത്തു തീർപ്പുണ്ടാക്കുക.അല്ലാതെ സ്ത്രീയെ പീഡിപ്പിച്ച്‌ നിർത്താനുള്ള സാഹചര്യം ഉണ്ടാകരുത്‌.അന്ന് സ്ത്രീകൾക്ക്‌ വിവാഹമോചനം പ്രഖ്യാപിക്കാനുണ്ടായിരുന്ന അധികാരം ഖുർ-ആൻ വിലക്കുന്നില്ല.

ബഹുഭാര്യത്വം നിബന്ധനകൾക്കുവിധേയമായി പ്രത്യേക സാഹചര്യത്തിൽ അനുവദിച്ചതാണ്‌.അത്‌ എല്ലാക്കാലത്തേക്കുമായി പുരുഷന്‌ നൽകിയ അധികാരമല്ല.അനാഥ ക്കുട്ടികളെ സംരക്ഷിക്കലാണ്‌ ഉദ്ദേശ്യം.സ്ത്രീയോടുള്ള നീതിപുലർത്തലാണ്‌ പ്രഥമ കർത്തവ്യം.

ഒരു പുരുഷ സാക്ഷീക്കു പകരം രണ്ട്‌ സ്ത്രീകൾ എന്നതിലും സ്ത്രീയുടെ പക്ഷത്താണ്‌ ഖുർ-ആൻ.സാമ്പത്തിക ഇടപാടിൽ മാത്രം ബാധകമാണിത്‌.ഇവിടെ സ്ത്രീയുടെ മേൽ ബലമായി കള്ള സാക്ഷ്യം പറയിക്കാനുള്ള സാധ്യത കുറക്കുക്കയാണ്‌ ചെയ്യുന്നത്‌.

സന്താനപരിപാലനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഖുർ-ആൻ നൽകുന്ന നിർദ്ദേശങ്ങൾ എലാക്കാലത്തേക്കുമായി പരിമിതപ്പെടുത്തപ്പെട്ട ശശ്വതനിയമങ്ങളല്ല.പടിപടിയായി കൂടുതൽ നീതിയും സമഭാവനയും പുലരുന്ന സമൂഹമായി മാറാനുള്ള ചൂണ്ടുപലകയായി വേണം കണക്കാക്കാൻ.

സമൂഹ്യ പരിഷ്കരണത്തിൽ ഖുർ-ആൻ അവലംബിക്കുന്ന സാമൂഹ്യ പരിസരം,ക്രമാനുകത്വം,കാലക്രമം ഇവ പരിഗണിച്ചു വേണം അതിന്റെ അന്ത സത്ത ഉൾക്കൊള്ളാൻ.മുഴുവൻ സമൂഹാംഗങ്ങളെയും സമഭാവനയോടെ നോക്കിക്കാണാൻ ഖുർ-ആൻ ശ്രമിക്കുന്നുണ്ട്‌.

സന്ദേഹിയുടെ കുറിപ്പ്‌

പുസ്തകത്തിന്റെ തുടക്കത്തിലും അവസാനത്തിലും തന്റെ വ്യാഖ്യാനത്തിന്റെ പൊതു പരിസരം ആമിന വദൂദ്‌ വ്യക്തമായിത്തന്നെ വിശദീകരിക്കുന്നുണ്ട്‌.സ്ത്രീ പക്ഷത്തു നിന്നുകൊണ്ട്‌ സമൂലമായ ഒരു അഴിച്ചു പണിതന്നെ അവർ ലക്ഷ്യമാക്കുന്നുണ്ട്‌.പിത്രാധിപത്യം തകർക്കപ്പെടേണ്ടതുതന്നെയെന്നവർ വ്യക്തമാക്കുന്നുണ്ട്‌.വെള്ളിയാഴ്ചത്തെ ജുമു-അ നമസ്കാരത്തിന്‌ നേതൃ ത്വം നൽകിയതിലൂടെ ഒരു വിച്ഛേദം ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു.സ്ത്രീ ഇമാമുമാരും ഖുർ-ആൻ വ്യാഖ്യാതാക്കളും നേതാക്കളും ഭരണാധികാരികളും സ്ത്രീകളുള്ള പള്ളിക്കമ്മിറ്റികളും മുസ്ലിം ലോകത്ത്‌ യാഥാർത്ഥ്യമാകുന്നതിന്‌ ഇത്തരം പഠനങ്ങൾ അവശ്യ മുന്നോപാധിയാണ്‌. നിലലിൽക്കുന്ന സ്ത്രീവിരുദ്ധ പൊതുബോധം ,അതിന്റെ ശാസ്ത്ര-പ്രത്യശാസ്ത്ര മുൻ വിധികൾ/ മുന്ന റിവുകൾ ഇതിനെ അനാവരണം ചെയ്യുന്നതിലൂടെ തന്നെയാണ്‌ നിലവിലുള്ള ഖുർ-ആൻ വ്യാഖ്യാനങ്ങളെയും അനാവരണം ചെയ്യേണ്ടത്‌.ഖുർ-ആന്റെ സ്ത്രീപക്ഷ വായന വൈവിധ്യങ്ങളോടെയും ഉൾകാഴ്ചകൾ തന്നും ഇനിയും വികസിക്കുകതന്നെ ചെയ്യും.ഏതായാലും ഖുർ-ആൻ വ്യാഖ്യാനത്തിന്റെ ഈ രീതിശാസ്ത്രം കപട്യമേതുമില്ലാതെ ഇസ്ലാമിനെയും സ്ത്രീയേയും പുതുക്കിപ്പണിയും എന്ന് പ്രതീക്ഷിക്കാം.

ആമിനാവദൂദിന്റെ വിശകലനരിതി പ്രതിഫലിപ്പിക്കാൻ എന്റെയീ പരിചയപ്പെടുത്തൽ അപര്യാപ്തമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.പുസ്തകം വായിച്ച്‌ പ്രതികരിക്കുമല്ലോ.

ഖുർ-ആൻ ഒരു പെൺ വായന,ആമിന വദൂദ്‌. വിവർത്ത്നം ഹഫ്സ.പ്രസാധനം: അദർ ബുക്സ്‌

3 comments:

  1. വിമർശനത്തിന്റെ ഏറ്റവും ശക്തമായ രീതി അത്‌ ഉള്ളിൽ നിന്നുതന്നെയുണ്ടാവുന്നതാണ്‌. അത്തരത്തിൽ ഒന്ന് എത്രസാധ്യമോ അത്രയും ഉറച്ചതായിരിക്കും പരിവർത്തനത്തിന്റെ ആയുസ്സും.
    തിരുവനന്തപുരത്ത്‌ ഈ പുസ്തകം എവിടെ ലഭ്യമാകും എന്നുകൂടി പറഞ്ഞുതരുമോ.
    നന്ദി.

    ReplyDelete
  2. ;)






    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete