Saturday, 10 July 2010

അഹിംസയും ഇസ്ലാമും-അസ്ഗർ അലി എഞ്ചിനീയർ

അസ്ഗർ അലി എഞ്ചിനീയറുടെ 'ഇസ്ലാം ഒരു പുനർവ്വായന' എന്നപുസ്തകത്തിന്റെ രണ്ടാം അധ്യായം 'അഹിംസ' യാണ്.
ഇസ്ലാമിൽ വാളിനാണ് അഹിംസക്കല്ല സ്ഥാനം എന്ന ധാരണ ഇന്നും പ്രബലമാണ്.പടിഞ്ഞാറിലൂടെ അങ്ങിനെയൊരു ധാരണ/മുൻ വിധി വ്യാപിച്ചതിന്റെ ചരിത്രപരമായ കാരണം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്(കുരിശുയുദ്ധം,മുസ്ലിം കോളനികളിലെ കോളനിവിരൂദ്ധസമരങ്ങൾ).
ഇന്ത്യയിലും,വിശേഷിച്ച് ഹിന്ദു അഭ്യസ്ഥവിദ്യർക്കിടയിലും ഇസ്ലാമിനെക്കുറിച്ചുള്ള ഈ മുൻ വിധി രൂഢമൂലമായതിന്റെ പശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇസ്ലാമിന്റെ ജിഹാദ് സങ്കൽപത്തെ മുസ്ലിംകളും അമുസ്ലിംകളും ഒരു പോലെ തെറ്റിദ്ധരിച്ചിരിക്കുന്നു.ഖുർ-ആൻ സൂഖങ്ങളുടെ പാഠവും സന്ദർഭവും വെളിപാടിന്റെ ചരിത്രവും നിമിത്തങ്ങളുമൊക്കെ വേർത്തിരിച്ചറിയാനുള്ള അഭിജ്ഞാനമില്ലാത്തവർ ഖുരാന്റെ യുദ്ധോത്സുകത അപ്പടി ധരിച്ചുവെച്ചു.
ഇസ്ലാം എന്ന പദം തന്നെ അക്രമത്തെയും ഹിംസയെയും നിരാകരിക്കുന്നു.അല്ലാഹു റഹ്മാനും റഹീമുമാണ്.കാരുണികൻ ,ദയാപരൻ.അല്ലാഹുവിന് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും കരുണചെയ്യുന്നവനാണ് എന്നാണ് വിവക്ഷ.മാത്രമല്ല അവന്നീതിമാനാണ്(ആദിൽ).ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട് അനീതികാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടേ എന്ന് ദൈവം ഖുർ-ആനിലൂടെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു.
വിഭാഗീയതയുടെ പേരിൽ രക്തം ചിന്തരുത്.നീതിമാനായ അല്ലാഹുവിന്റെ ഇച്ഛയെ സർവ്വാത്മനാ വരിച്ച ഒരു മുസ്ലിമിനും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലല്ലാതെ ഒരു തുള്ളീ രക്തം ചിന്താൻ കഴിയില്ല.

മതപ്രബോധനത്തിൽ നിർബന്ധം പോലും പാടില്ലെന്ന് ഖുറാൻ.എന്നിട്ടല്ലേ ബലപ്രയോഗവും ഹിംസയുമൊക്കെ.സ്വന്തം ആദ്ധ്യാത്മിക ബോധ്യത്തിലൂടെയായിരിക്കണം ഒരാൾ മുസ്ലിമാകേണ്ടത്.
"ജ്ഞാനവും ധർമ്മോപദേശവും കൊണ്ട് മനുഷ്യരെ ദൈവമാർഗ്ഗത്തിലേക്ക് ക്ഷണിക്കുക.സൗമ്യമായിട്ടായിരിക്കണം പ്രബോധിതരോട് സംവദിക്കേണ്ടത്".(ഖുറാൻ,16:125).

അന്യ മതവിശ്വാസികളെയും അവരുടെ ദൈവങ്ങളെയും ആക്ഷേപിക്കരുതെന്നും കാരണം ഒരോ സമൂഹത്തിനും അവരുടെ പ്രവൃത്തികൾ ശരിയും മനോജ്ഞവുമായിരിക്കും എന്നും ഖുറാൻ പറയുന്നു.(6:108)
ദൈവം വ്യത്യസ്ത സമൂഹങ്ങളെ ഒറ്റ സമൂഹമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഓരോരുത്തർക്കും കിട്ടിയ നിയമങ്ങളുടെയും രീതികളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ പരീക്ഷക്കുകയാണ് ചെയ്യുന്നതെന്നും ഖുറാൻ(5:48)
ആരാധനാ രീതികളല്ല ഉത്തമവിശ്വാസമാണ് പ്രസക്തം.
ഇസ്ലാമിലെ ഹിംസക്കു കാരണം ഖുറാനല്ല ചരിത്രമാണ്.അതിനാൽ സവിശേഷ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുന്ന അക്രമത്തിനും ഹിംസക്കും മതത്തെയോ വിശ്വാസത്തെയോ പഴിക്കുന്നതിൽ അർത്ഥമില്ല.
ഖുറാന്റെ മോക്ഷസങ്കൽപവും വിശാലമാണ്.മറ്റു മതസ്ഥനും വിശ്വാസത്തിനും സൽക്കർമ്മത്തിനും രക്ഷയുണ്ട്,പേടിക്കേണ്ടെന്ന് ഖുറാൻ(2:62)

ഇസ്ലാമിൽ സർവ്വമതസമഭാവനക്കും മാനവികതക്കും ഇതിൽ പരം ഒരു തെളിവു വേണ്ട.അന്യമതങ്ങളെ തിരുത്താനോ തുരത്താനോ അല്ല, പൂർത്തീകരിക്കാനും സ്ഥിരീകരിക്കാനുമാണ് ഇസ്ലാം വന്നത്.
എന്നാൽ ഇസ്ലാം കേവല അഹിംസാ ധർമ്മമല്ല.അതൊരിക്കലും ഹിംസക്കു വേണ്ടി വാദിക്കുന്നില്ല.പൂർണ്ണമായി തള്ളികളയുന്നുമില്ല.മനുഷ്യ ജീവിതം നിറയേ വൈരുധ്യങ്ങളാണ്.ഇവയത്രയും ഇസ്ലാമിന്റെ ദൈവശാസ്ത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.വെറും അമൂർത്തമായ ഏതാനും ആധ്യാത്മിക സിദ്ധാന്തങ്ങൾക്കു വേണ്ടി വാദിക്കുകയല്ല ഖുറാൻ.അതിന്റെ ദൈവശാസ്ത്രത്തിന് മൂർത്തമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിക്കാനാവില്ല.സൂക്ഷ്മമായി നിരീക്ഷിച്ചാൽ എല്ലാ വേദങ്ങളും സാന്ദർഭിക വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നു കാണാം.ഖുർ-ആനും ഇതിനപവാദമല്ല.വാസ്തവത്തിൽ വേദങ്ങൾ ആദർശ്ശാത്മകവും സന്ദർഭോചിതവുമായ രണ്ടുതരം ഉത്തരങ്ങളാണു നൽകുന്നത്.ഇസ്ലാമിന്റെ ആദർശ്ശം അഹിംസ തന്നെയാണ്>സന്ദർഭത്തിന്റെ താൽപര്യമനുസരിച്ച് അത് ഹിംസ പൂർണ്ണമായി തള്ളിക്കളയുന്നില്ലെങ്കിലും.

ആദർശ്ശപരമായി ഹിന്ദു മതവും ഒരഹിംസാ മതമാണ്.എന്നാൽ യുദ്ധം അടിച്ചേൽപിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ ഹിംസ അതിലും സംഭവിച്ചു.കൃഷനന്റെ ഗീതോപദേശം ഉദാഹരണം.ചൂഷണത്തിന്റെയു മേർദ്ദനത്തിന്റെയും ശക്തികൾ യുദ്ധം അടിച്ചേൽപിക്കുമ്പോൾ ചിലസാഹചര്യങ്ങളിൽ വേണ്ടിവരും.എന്നാൽ മതപ്രചരണത്തിനു വേണ്ടി ഇസ്ലാമിൽ യുദ്ധത്തിന് ഒരു ന്യായീകരണവുമില്ല.

വേദക്കാരെ വധിക്കണമെന്ന് പറയുന്ന സൂക്തങ്ങളുടെ സാന്ദർഭികത എഞ്ചിനീയർ വിശദീകരിക്കുന്നുണ്ട്.അന്നതെ യുദ്ധസാഹചര്യങ്ങളിലും രാഷ്ട്രീയ സാഹചര്യത്തിലും അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളെ സമാന്യവൽക്കരിക്കുന്നത് തെറ്റാണ്.

ഇസ്ലാമിനു മുമ്പുള്ള അറബി ഗോത്രങ്ങളുടെ ചരിത്രവും അവർക്കിടയിൽ നടന്നിരുന്ന ഘോരയുദ്ധങ്ങളും പഠിച്ചാൽ അഹിംസാത്മകമായ സഹനസമരങ്ങളുടെ തത്വശാസ്ത്രം അന്നത്തെ ചുറ്റുപാടിൽ അപ്രായോഗികമായിരിക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോട് മാത്രമേ അങ്ങോട്ട് യുദ്ധം ചെയ്യാൻ പാടുള്ളൂ.അക്രമം പാടില്ല. നിരായുധരെ ആക്രമിക്കാനും പാടില്ല.ഖുറാൻ പറയുന്നു.
ഖുറാൻ വിഗ്രഹാരാധകരെ രണ്ടായിതിരിക്കുന്നെന്ന് നിയമശാസ്ത്രികൾ പറയുന്നു.(9:4)സൂക്തത്തെ അവലംബമാകിയാന് ജാം ഇയ്യത്തുൽ ഉലമ, ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ എതിർത്ത് കോൺഗരസ്സിന്റെ പിന്നിലണിനിരക്കാൻ മുസ്ലിംകളെ ആഹ്വാന ചെയ്തത്.

ഇസ്ലാം നിർബന്ധ മതപരിവർത്തനത്തിനെതിരാണ്.തടവുകാരനായി പിടിക്കപ്പെടുന്നവരെ പോലും അവരുടെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ഖുറാൻ പറയുന്നത്.അവർക്ക് ദൈവസൂക്തങ്ങൾ കേൾപ്പിക്കാൻ അവസരം നൽകുക മാത്രമേ ചെയ്യാവൂ.

ഖുറാന്റെ ആത്യന്തികസത്ത അഹിംസയെ പി ന്തിണക്കുന്നു.അതാണ് ഖുർ-ആനെ ചരിത്ര പരമായി വായിക്കുമ്പോൾ മനസ്സിലാകുന്നതെന്ന് അസ്ഗർ അലി എഞ്ചിനീയർ കാണിച്ചു തരുന്നു.
തുടരും......
പെൺ ഇസ്ലാം:ഒരു മുഖവുര

Thursday, 1 April 2010

'ഇസ്ലാം ഒരു പുനർവ്വായന

ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി അറിയപ്പെടുന്ന ഡോ.അസ്ഗർ അലി എഞ്ചിനീയറുടെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്‌ ഈ പോസ്റ്റിൽ.'ഇസ്ലാം ഒരു പുനർവ്വായന".വിവർത്തകൻ:എം എ കാരപ്പഞ്ചേരി.പ്രസാധനം:തൃശൂർ കറന്റ്‌ ബുക്സ്‌.

പത്ത്‌ അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായത്തെയും പരിചയപ്പെടുത്താം.ഒന്നാമധ്യായത്തെ മാത്രം ഇപ്പോൾ പരാമർശ്ശിക്കാം.ഇത്‌ പുസ്തകത്തിന്‌ ഒരാമുഖമായാണ്‌ എഴുതിയിട്ടുള്ളത്‌.ലളിതവും സുതാര്യവും യുക്തിഭദ്രവുമാണ്‌ എഞ്ചിനീയറുടെ പ്രതിപാദന ശൈലി.ഓരോ പോസ്റ്റിലുമുള്ള അവ്യക്തതകൾ വായനക്കാർ ചൂണ്ടിക്കാണിച്ചാൽ പുഷകത്തിന്റെ പരിധിയിൽ നിന്നു കൊണ്ട്‌ വ്യക്തമാക്കിത്തരാൻ ശ്രമിക്കാം.
ഇസ്ലാമിൽ എല്ലാത്തിനും പരിഹാരമുണ്ട്‌ എന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അവകാശവദങ്ങൾക്കപ്പുറത്തുള്ള മൂർത്തമായ മതപ്രയോഗത്തിന്റെ സാധ്യതകളാണ്‌ ഈ പുസ്തകത്തിലൂടെ തെളിഞ്ഞുവരുന്നത്‌.

ഇസ്ലാമിന്റെ പുനർവ്വായന

സെമിറ്റിക്‌ മതങ്ങൾ(ജൂത,ക്രൈസ്തവ,ഇസ്ലാം മതങ്ങൾ) കർക്കശവും മാറ്റങ്ങൾക്ക്‌ വഴങ്ങാത്തവയുമാണെന്നും എന്നാൽ ഇന്ത്യൻ മതങ്ങൾ(ബുദ്ധ,ജൈന,ഹിന്ദുമതങ്ങൾ)പുനശ്ചിന്തനത്തിനും നവീകരണത്തിനും സന്നദ്ധമാണെന്നുമുള്ള പൊതുധാരണ അർദ്ധ സത്യം മാത്രമാണെന്ന് എഞ്ചിനീയർ പറയുന്നു.

മതസിദ്ധാന്തങ്ങൾ കർക്കശമാകുന്നത്‌ മനുഷ്യപ്രകൃതി നിമിത്തമാണ്‌.രക്ഷാബോധം നൽകുന്നു എന്നതു കൊണ്ടാണത്‌.ചോദ്യം ചെയ്യാൻ പാടില്ലാത്ത യാതൊന്നും അവതരിപ്പിക്കാത്ത ബുദ്ധമതം പോലും പിൽക്കാലത്ത്‌ സിദ്ധാന്തീകരണത്തിനു വിധേയമായി.മനശ്ശാസ്ത്രപരമായ ഒരാവശ്യമാണിത്‌. ഒരു ശരാശരി മനുഷ്യനു വേണ്ടതു സത്യമല്ല,തീർച്ചയാണ്‌.എന്നാൽ മഹാമനസ്സുകൾ സത്യം മാത്രം തേടിയവരാണ്‌.തീർച്ചയായ ഒരു വിശ്വാസപ്രമാണത്തിനോ സിദ്ധാന്തത്തിനോ ഒരു തത്വ ജ്ഞാനിയുടെ പക്കൽ ഒരു പ്രസക്തിയുമില്ല.

നേരെ മറിച്ച്‌ പ്രവാചകന്മാർക്കും ദിവ്യ പുരുഷന്മാർക്കും താൽപര്യം പ്രയോഗത്തിലും പ്രവർത്തനത്തിലുമാണ്‌.അവരുടെ ശ്രോതാക്കൾ സാമാന്യ ജനങ്ങളാണ്‌.ബുദ്ധിജീവികളും തത്വജ്ഞാനികളുമല്ല.അവർ പഴയതിനെ ചോദ്യം ചെയ്യുമെങ്കിലും അവരുടെ പുതിയ വിശ്വാസത്തിലും സന്ദേഹത്തിനോ അവിശ്വാസത്തിനോ സ്ഥാനമില്ല. ഏതൊരു പ്രവർത്തിക്കും അൽപം വിശ്വാസം ആവശ്യമാണ്‌.വിശ്വാസം തീർച്ച നൽകുന്നു.തീർച്ച പ്രവർത്തനത്തിന്‌ ഉത്സാഹവും നൽകുന്നു.

ഏത്‌ പ്രവാചകനും പൂർവ്വസ്ഥിതിയുടെ വിധ്വംസകനും പുതിയ നീതിശാസ്ത്രത്തിന്റെ ശിൽപിയുമാണ്‌.ദൈവിക സുവിശേഷം ഒരു ശാസ്ത്രീയ സത്യമല്ല.ദൈവം വെളിപ്പെടുത്തുന്ന വിശേഷമാന്‌.അഥവാ പ്രവാചകന്മാർ അന്തർജ്ജ്ഞ്ഞാനേന ആർജ്ജിക്കുന്ന മൂല്യങ്ങൾ.ഇതിന്മേലാണ്‌ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടത്‌.വിശ്വാസത്തിന്‌ യുക്തിവിചാരത്തിന്റെയും സുതാര്യ ന്യായങ്ങളുടെയും അടിത്തറ ഉണ്ടായിരിക്കണമെന്നു ഖുർ-ആന്‌ നിർബന്ധമുണ്ട്‌.അന്ധമായ പിന്തുടരൽ(തഖ്‌ ലീദ്‌)ഖുർ-ആൻ വിലക്കുന്നു.

വിശ്വാസത്തിന്റെ ആത്മഭാവം സമാധാനമാണ്‌,നീതിയാണ്‌.ഹിംസയുടെ മൂലകാരണം സമ്പത്തിന്റെ കേന്ദ്രീകരണവും അധികാരമോഹവുമാണ്‌.മധ്യകാല ഇസ്ലാമിലെ ഹിംസക്കും കാരണം ഇതാണ്‌.വിശ്വാസമല്ല.

ജിഹാദ്‌ അവിശ്വാസിക്കെതിരെയുള്ളതല്ല.മർദ്ദകനും ചൂഷകനും എതിരെയുള്ളതാണ്‌. ആരാധന ദൈവിക ഗുണങ്ങളെ സ്വാംശീകരിക്കലാണ്‌.ചൂഷണത്തിനും മർദ്ദനത്തിനുമെതിരെയുള്ള പോരാട്ടത്തിലാണ്‌ യഥാർത്ഥ ആരാധന കുടികൊള്ളുന്നത്‌.ഭക്തൻ നീതിമാനായിരിക്കണം.'ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട്‌ അനീതി കാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ"(ഖുർ ആൻ).

അറ്റകൈ പ്രയോഗമെന്ന നിലയിൽ മാത്രമേ ഹിംസക്ക്‌ പ്രസക്തിയുള്ളൂ.ഇന്നത്തെ ജനാധിപത്യ കാലത്ത്‌ ഇതിനും മാറ്റം വരേണ്ടതുണ്ട്‌.അഹിംസാത്മക ജിഹാദ്‌ തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്‌ എന്നാണ്‌ നബിവചനങ്ങളും സൂചിപ്പിക്കുന്നത്‌.സ്വാർത്ഥ ചിന്തയെ നിയന്ത്രിച്ചു നിർത്തുന്നതാണ്‌ ഏറ്റവും വലിയ ജിഹാദ്‌.ആത്മ ശിക്ഷണവും ആത്മ സംയമനവും ജിഹാദാണ്‌.ഇങ്ങോട്ട്‌ യുദ്ധം ചെയ്യുന്നവരോട്‌ അങ്ങോട്ടും യുദ്ധം ചെയ്യാനാണ്‌ ഖുർ-ആൻ പറഞ്ഞത്‌.ഒപ്പം അതിക്രമം പാടില്ല എന്നും പറയുന്നു.നീതിയും കരുണയും വളർത്തി സമാധാനം സ്ഥാപിക്കലാണ്‌ ഓരോ മുസ്ലിമിന്റെയും കടമ.

ഉടലെടുത്ത കാലത്ത്‌ ഇസ്ലാം ഒരു പൂജാമതമായിരുന്നില്ല.സ്വകാര്യസ്വത്ത്‌ ഉടലെടുത്തിട്ടില്ലാതിരുന്ന ഗോത്ര സമൂഹത്തിൽ വ്യാപാരത്തിലൂടെ സമ്പന്നരായവർ സ്വകാര്യ സ്വത്ത്‌ കുന്നു കൂട്ടാനാണ്‌ ശ്രമിച്ചത്‌.ഇതുണ്ടാക്കിയ സാമൂഹ്യപ്രശ്നങ്ങളാണ്‌ മുഹമ്മദ്‌ നബിക്ക്‌ പരിഹരിക്കാനുണ്ടായിരുന്നത്‌.ഖുർ-ആനിൽ സമ്പത്ത്‌ കുന്നു കൂട്ടി വെക്കുന്നവർക്കെതിരെ ശക്തമായ താക്കീതുണ്ട്‌.

ഖുർ-ആൻ ഉയർത്തിപ്പിടിക്കുന്നത്‌ വിശ്വമാനവികതയാണ്‌.ജാതി,മതം,വർഗ്ഗം,ഭാഷ,ഗോത്രം എല്ലാം തിരിച്ചറിയപ്പെടാൻ മാത്രം.അതിലൊന്നും മഹത്വമില്ല.മഹത്വം സൽപ്രവൃത്തികളാലാണ്‌.അന്യരെ പരിഹസിക്കരുത്‌.അവരുടെ വിശ്വാസങ്ങളെയും ആരാധനാമൂർത്തികളെയും പരിഹസിക്കരുത്‌.ആർക്കാണ്‌ മഹത്വം എന്ന് ദൈവത്തിനേ അറിയൂ.

സാമൂഹിക അസമത്വങ്ങൾക്കും സാമ്പത്തിക അസമത്വങ്ങൾക്കും കാരണം വിശ്വമാനവികമായ കാഴ്ചപ്പാടിന്റെ അഭാവമാണ്‌.മനുഷ്യന്റെ ഏകത്വത്തിലാണ്‌ ഖുർ-ആൻ ഊന്നുന്നത്‌.ദൈവത്തിന്റെ ഏകത്വം മനുഷ്യന്റെ ഏകത്വത്തിലാണ്‌ എത്തിച്ചേരുക. സൂഫികളുടെ അദ്വൈതം ഈ ഖുർ-ആനിക സത്യത്തിൽനിന്ന് നിഷ്പന്നമായതാണ്‌.

ബഹുത്വവും മത വൈവിധ്യവുമാണ്‌ ഖുർ-ആന്റെ പ്രഖ്യാപിതനയം.നാനാത്വത്തിൽ ഏകത്വം തന്നെയാണ്‌ ഖുർ-ആന്റെ നയം എന്നു തെളിയിക്കുന്ന സൂക്തങ്ങൾ ഖുർ-ആനിൽ കാണാം.ഒരുമയിലും സഹവർത്തിത്വത്തിലും കഴിയുന്നുണ്ടോ എന്നു പരീക്ഷിക്കുകയാണ്‌ അല്ലാഹുവിന്റെ ഉദ്ദേശ്യം.

ബഹുദൈവാരാധകരുടെ ദൈവങ്ങളെപോലും പരിഹസിക്കരുത്‌.അവരുടെ മേൽ ബലപ്രയോഗം പാടില്ല.അല്ലാഹുവിന്റെ ഹിതപ്രകാരം തന്നെയാണ്‌ അതും നടക്കുന്നത്‌.അവരെ അങ്ങനെ തോന്നിപ്പിക്കുന്നതും അല്ലാഹുവാണ്‌.അതുകൊണ്ട്‌ അവയെ ആക്ഷേപിക്കുകയോ അവരുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് ഖുർ-ആൻ അസന്നിഗ്ധമായി പറയുന്നു.

ദീനും ശരീ-അത്തും ഒന്നല്ല.ദീൻ ആത്മീയ സത്യങ്ങളുടെ സ്ഥായിയായ സത്തയാണ്‌.അത്‌ സ്ഥിരപ്പെടുത്താനാണ്‌ അല്ലാഹു മുഹമ്മദ്നബിക്ക്‌ ഖുർ-ആൻ വെളിപ്പെടുത്തിക്കൊടുത്തത്‌.സർവ്വമതങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളെയാണു ദീൻ പ്രതിനിധാനം ചെയ്യുന്നത്‌.എന്നാൽ ഓരോ സമൂഹത്തിന്റെയും സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾക്കൊത്ത്‌ സദാചാര ജീവിതം നയിക്കാനുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണു ശരീ-അത്ത്‌.(ശ്രുതിയും സ്മൃതിയും പോലെ-സന്ദേഹി)

മാറ്റങ്ങളോറ്റും നവീകരണത്തോടും ഖുർ-ആനുള്ള നിലപാട്‌ ഉദാരവും ക്രിയാത്മകവുമാണ്‌.കാലോചിതമായ മാറ്റങ്ങൽ ഇണക്കിച്ചേർക്കുന്നതിനാണ്‌ ഇജ്തിഹാദ്‌.ഇത്‌ കൊട്ടിയടക്കപ്പേടാൻ കാരണം പുരോഹിതന്മാരോ ഉലമാക്കളോ മാത്രമല്ല.ബാഹ്യമായ കാരണങ്ങളും ഉണ്ട്‌.സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാണത്‌.

ഇസ്ലാമിൽ പരിഷ്കരണങ്ങളോടുള്ള എതിർപ്പിനെ ഈ പശ്ചാത്തലത്തിലാണ്‌ വിശകലം ചെയ്യേണ്ടത്‌.മുസ്ലിം സമൂഹം ഏകജാതീയമല്ല.വൈജാത്യങ്ങൾ അതിനകത്തും ഉണ്ട്‌.അതുകൊണ്ടു തന്നെ പരിഷ്കരണ ശ്രമങ്ങളോട്‌ പല രീതിയിലുള്ള പ്രതികരണം സ്വാഭാവികം മാത്രം.
തുടരും......

Sunday, 6 December 2009

ഖുർ-ആന്റെ പെൺ വായന

തുടർച്ച

സ്വർഗ്ഗത്തിലെ ഹൂറികൾ
മരണം,മരണാനന്തര ജീവിതം/പരലോകം , അന്ത്യവിചാരണ,സ്വർഗ്ഗം, നരകം ഇവിടെയൊന്നും സ്ത്രീപുരുഷവിവേചനം ഖുർ-ആനിലില്ല.ആകപ്പാടെയുള്ള പ്രശ്നം സ്വർഗ്ഗത്തിലെ ഹൂറികളാണ്‌.
ആദ്യകാലത്ത്‌ മക്കാനിവാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ്‌ ഇത്‌ പറയുന്നതെന്നും ഇത്‌ ഖുർ-ആൻ അന്ന് അവലംബിച്ച ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമാണെന്നുമാണ്‌ ആമിനവദൂദ്‌ പറയുന്നത്‌.പിന്നീട്‌ സ്വർഗ്ഗത്തിലെ ഇണകളെ ഇത്തരത്തിലല്ല പറയുന്നത്‌.
ജാഹിലീ അറബിപുരുഷന്മാർക്ക്‌ പ്രത്യേക താൽപര്യമുള്ള വെളുത്ത പെണ്ണുങ്ങളാണ്‌ ഹൂറികൾ.അറബികളുടെ മോഹവും കിനാവുകളുമെന്തെന്ന് ഖുർ-ആൻ കണ്ടറിയുന്നു.
സ്വർഗ്ഗത്തിലെ ആനന്ദം ഭൗതിക സുഖാഢംഭരങ്ങളിൽ നിന്നു ലഭ്യമാകുന്ന ഒന്നാണെന്ന് അക്ഷരാർത്ഥത്തിൽ എടുക്കരുതെന്ന് അവർ പറയുന്നു.മദീനാ സൂക്തങ്ങളെ അവലംബിച്ചാണ്‌ ഇതവർ പറയുന്നത്‌.
എതായാലും സ്ത്രീപക്ഷചിന്തകൽ പുരുഷ ഇസ്ലാമിന്‌ അവഗണിക്കാനാവാത്തവിധം സ്വാധീനശക്തി നേടിക്കൊണ്ടിരിക്കെ ഹൂറികളുടെ വിഷയത്തിൽ ഇത്തരം ഒരു വ്യാഖ്യാനത്തിനേ ഭാവിയിൽ നിലനിൽപുള്ളൂ.അത്‌ അക്ഷരാർത്ഥത്തിലൂള്ള ഖുർ-ആൻ വായനയെ തകിടം മറിക്കും.ഈ വിഷയത്തിൽ ഇങ്ങനെ പറയാമെങ്കിൽ മറ്റു വിഷയങ്ങളിലും ഖുർ-ആനെ ഇങ്ങനെ വ്യാഖ്യാനിക്കാമല്ലോ-സന്ദേഹി.

പെണ്ണൂങ്ങളുടെ അവകാശങ്ങൾ

നമൂക്ക്‌ സ്വായത്തമായിട്ടുള്ള പ്രപഞ്ച വീക്ഷണമനുസരിച്ചാണ്‌ നാം ഖുർ-ആനെ മനസ്സിലാക്കുന്നത്‌.ഖുർ-ആനികാദർശ്ശരാഷ്ട്രം ഇതുവരെ നമുക്ക്‌ സം പ്രാപ്യമായിട്ടില്ല.ഇതിന്‌ പുതിയ വിശകലനങ്ങൾ വേണം.

ആണിലോ പെണ്ണിലോ പാരമ്പര്യമായി ഒരു വൈശിഷ്ട്യവും നിക്ഷിപ്തമല്ല.സനാതനമായ ഒരു അധികാരശ്രേണിയുമില്ല.തൊഴിൽ പരമായ വകതിരിവുകളുമില്ല.ഖുർ-ആൻ അങ്ങിനെ പറയുന്നില്ല.ഉള്ളടക്കം ഒട്ടാകെ വിലയിരുത്തുമ്പോൾ ഇതാണ്‌ ഖുർ-ആനിന്റെ വീക്ഷണം.

ഗർഭധാരണം ഒരു പെണ്ണിനെ സംബന്ധിച്ച്‌ മൗലികമായത്‌ എന്ന് സൂചിപ്പിക്കുന്ന ഒരു പദവും ഖുർ-ആനിലില്ല.അവൾക്കുള്ള ഒരേയൊരു പണി മാതൃധർമ്മാചരണം ആണെന്നതിന്‌ സൂചനയുമില്ല.എല്ലാ പെണ്ണൂങ്ങളും ഗർഭം ധരിച്ചു കൊള്ളണമെന്നില്ലല്ലോ.വംശത്തിന്റെ തുടർച്ചക്ക്‌ സ്ത്രീയുടെ ഗർഭധാരണം അത്യന്താപേക്ഷിതമാണെന്നു മാത്രമേ വിവക്ഷയുള്ളൂ.അതിന്‌ അർഹതപ്പെട്ട ആദരവും അനുകമ്പയും സ്ത്രീക്ക്‌ നൽകണം.

ദിവ്യ ദൗത്യങ്ങൾ/പ്രവാചകത്വം ആണുങ്ങൾക്ക്‌ മാത്രം നൽകിയതെന്തുകൊണ്ട്‌? അതൊരു ജൈവിക സംശ്ലേഷണമല്ല.ഇത്‌ ഫലസിദ്ധിക്കു വേണ്ടിയുള്ള ഒരു തന്ത്രം മാത്രം.മിക്ക സമൂഹങ്ങളും പെണ്ണുങ്ങളോട്‌ മതിപ്പ്‌ കാട്ടിയിരുന്നില്ല.അല്ലാതെ ആണുങ്ങൾക്ക്‌ ശ്രേഷ്ഠത കൽപിക്കുന്നതുകൊണ്ടല്ല.

ആണുങ്ങൾക്ക്‌ പെണ്ണുങ്ങളേക്കാൾ പദവി/ദറജ നൽകൂന്നുണ്ട്‌ എന്ന പരാമർശ്ശത്തെ ആമിനാവദൂദ്‌ വിശദമായി അപഗ്രഥിക്കുന്നുണ്ട്‌.ഇത്‌ വിവാഹമോചനതിന്റെ സന്ദർഭത്തിൽ മാത്രം പറയുന്ന ഒന്നാണ്‌.ഇതിന്‌ സ്ഥലകാല, നാട്ടുനടപ്പ്‌ പരിമിതികളുണ്ട്‌.

പിന്നീട്‌ ആണുങ്ങൾക്ക്‌ മുൻ ഗണന/ഫദ്ദല നൽകിയെന്ന ഖുർ-ആൻ പരാമർശ്ശവും ചർച്ച ചെയ്യുന്നുണ്ട്‌.കുടുംബം ,അനന്തരാവകാശം എന്നിവയിൽ ആണിന്ന്‌ മുൻ ഗണന നൽകിയതിനെക്കുറിച്ചാണ്‌ പരാമർശ്ശം.ഇത്‌ വെച്ച്‌ മൗദൂദിയും സമഖ്ശരിയും ആണുങ്ങളെ അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും പുരുഷന്മാർ സ്ത്രീകളുടെ കൈകാര്യ കർത്താക്കളാണെന്നും വിധിയെഴുതുന്നു.എന്നാൽ അസീസാ അൽ ഹിബ്രി ഇത്‌ തള്ളിക്കളയുന്നു.

തൊഴിലും ഉപജീവനോപാധികളും ആണിന്റെ കയ്യിൽ നിക്ഷിപ്തമായ ഒരു സാമൂഹിക സാഹചര്യത്തിൽ മാത്രമേ ഈ പരാമർശ്ശം പ്രസക്തമാകുന്നുള്ളൂ.കുടുംബത്തിന്റെ നേതൃത്വം പുരുഷനായത്‌ സാമൂഹിക സാഹചര്യം മൂലമാണ്‌. നേതൃത്വം ശ്രേഷ്ഠതയല്ല, ഉത്തരവാദിത്തമാണ്‌. അത്‌ കുടുംബത്തിലായാലും പുറത്തായാലും.സാമൂഹിക ഘടന മാറുമ്പോൾ നേതൃത്വവും മുൻ ഗണനകളും മാറാം.

അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യയെ അവസാനപോംവഴി എന്ന നിലയിൽ അടിക്കാം എന്ന് ഖുർ-ആൻ പറയുന്നുണ്ട്‌.ഇതിനെ കുടുംബത്തിന്റെ കെട്ടുറപ്പ്‌,പുരുഷന്റെ കടമകൾ തുടങ്ങി പലകാര്യങ്ങളെയും മുൻ നിർത്തിചർച്ചചെയ്യുന്നു.

മൊഴിചൊല്ലലും ബഹുഭാര്യത്വവും മറ്റും

പുരുഷന്‌ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള അധികാരം നിരുപാധികമോ സർവ്വകാലികമോ അല്ല.ദാമ്പത്യ പൊരുത്തക്കേടുണ്ടായാൽ ഒന്നുകിൽ പിരിയുക അല്ലെങ്കിൽ രമ്യമായി ഒത്തു തീർപ്പുണ്ടാക്കുക.അല്ലാതെ സ്ത്രീയെ പീഡിപ്പിച്ച്‌ നിർത്താനുള്ള സാഹചര്യം ഉണ്ടാകരുത്‌.അന്ന് സ്ത്രീകൾക്ക്‌ വിവാഹമോചനം പ്രഖ്യാപിക്കാനുണ്ടായിരുന്ന അധികാരം ഖുർ-ആൻ വിലക്കുന്നില്ല.

ബഹുഭാര്യത്വം നിബന്ധനകൾക്കുവിധേയമായി പ്രത്യേക സാഹചര്യത്തിൽ അനുവദിച്ചതാണ്‌.അത്‌ എല്ലാക്കാലത്തേക്കുമായി പുരുഷന്‌ നൽകിയ അധികാരമല്ല.അനാഥ ക്കുട്ടികളെ സംരക്ഷിക്കലാണ്‌ ഉദ്ദേശ്യം.സ്ത്രീയോടുള്ള നീതിപുലർത്തലാണ്‌ പ്രഥമ കർത്തവ്യം.

ഒരു പുരുഷ സാക്ഷീക്കു പകരം രണ്ട്‌ സ്ത്രീകൾ എന്നതിലും സ്ത്രീയുടെ പക്ഷത്താണ്‌ ഖുർ-ആൻ.സാമ്പത്തിക ഇടപാടിൽ മാത്രം ബാധകമാണിത്‌.ഇവിടെ സ്ത്രീയുടെ മേൽ ബലമായി കള്ള സാക്ഷ്യം പറയിക്കാനുള്ള സാധ്യത കുറക്കുക്കയാണ്‌ ചെയ്യുന്നത്‌.

സന്താനപരിപാലനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഖുർ-ആൻ നൽകുന്ന നിർദ്ദേശങ്ങൾ എലാക്കാലത്തേക്കുമായി പരിമിതപ്പെടുത്തപ്പെട്ട ശശ്വതനിയമങ്ങളല്ല.പടിപടിയായി കൂടുതൽ നീതിയും സമഭാവനയും പുലരുന്ന സമൂഹമായി മാറാനുള്ള ചൂണ്ടുപലകയായി വേണം കണക്കാക്കാൻ.

സമൂഹ്യ പരിഷ്കരണത്തിൽ ഖുർ-ആൻ അവലംബിക്കുന്ന സാമൂഹ്യ പരിസരം,ക്രമാനുകത്വം,കാലക്രമം ഇവ പരിഗണിച്ചു വേണം അതിന്റെ അന്ത സത്ത ഉൾക്കൊള്ളാൻ.മുഴുവൻ സമൂഹാംഗങ്ങളെയും സമഭാവനയോടെ നോക്കിക്കാണാൻ ഖുർ-ആൻ ശ്രമിക്കുന്നുണ്ട്‌.

സന്ദേഹിയുടെ കുറിപ്പ്‌

പുസ്തകത്തിന്റെ തുടക്കത്തിലും അവസാനത്തിലും തന്റെ വ്യാഖ്യാനത്തിന്റെ പൊതു പരിസരം ആമിന വദൂദ്‌ വ്യക്തമായിത്തന്നെ വിശദീകരിക്കുന്നുണ്ട്‌.സ്ത്രീ പക്ഷത്തു നിന്നുകൊണ്ട്‌ സമൂലമായ ഒരു അഴിച്ചു പണിതന്നെ അവർ ലക്ഷ്യമാക്കുന്നുണ്ട്‌.പിത്രാധിപത്യം തകർക്കപ്പെടേണ്ടതുതന്നെയെന്നവർ വ്യക്തമാക്കുന്നുണ്ട്‌.വെള്ളിയാഴ്ചത്തെ ജുമു-അ നമസ്കാരത്തിന്‌ നേതൃ ത്വം നൽകിയതിലൂടെ ഒരു വിച്ഛേദം ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു.സ്ത്രീ ഇമാമുമാരും ഖുർ-ആൻ വ്യാഖ്യാതാക്കളും നേതാക്കളും ഭരണാധികാരികളും സ്ത്രീകളുള്ള പള്ളിക്കമ്മിറ്റികളും മുസ്ലിം ലോകത്ത്‌ യാഥാർത്ഥ്യമാകുന്നതിന്‌ ഇത്തരം പഠനങ്ങൾ അവശ്യ മുന്നോപാധിയാണ്‌. നിലലിൽക്കുന്ന സ്ത്രീവിരുദ്ധ പൊതുബോധം ,അതിന്റെ ശാസ്ത്ര-പ്രത്യശാസ്ത്ര മുൻ വിധികൾ/ മുന്ന റിവുകൾ ഇതിനെ അനാവരണം ചെയ്യുന്നതിലൂടെ തന്നെയാണ്‌ നിലവിലുള്ള ഖുർ-ആൻ വ്യാഖ്യാനങ്ങളെയും അനാവരണം ചെയ്യേണ്ടത്‌.ഖുർ-ആന്റെ സ്ത്രീപക്ഷ വായന വൈവിധ്യങ്ങളോടെയും ഉൾകാഴ്ചകൾ തന്നും ഇനിയും വികസിക്കുകതന്നെ ചെയ്യും.ഏതായാലും ഖുർ-ആൻ വ്യാഖ്യാനത്തിന്റെ ഈ രീതിശാസ്ത്രം കപട്യമേതുമില്ലാതെ ഇസ്ലാമിനെയും സ്ത്രീയേയും പുതുക്കിപ്പണിയും എന്ന് പ്രതീക്ഷിക്കാം.

ആമിനാവദൂദിന്റെ വിശകലനരിതി പ്രതിഫലിപ്പിക്കാൻ എന്റെയീ പരിചയപ്പെടുത്തൽ അപര്യാപ്തമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.പുസ്തകം വായിച്ച്‌ പ്രതികരിക്കുമല്ലോ.

ഖുർ-ആൻ ഒരു പെൺ വായന,ആമിന വദൂദ്‌. വിവർത്ത്നം ഹഫ്സ.പ്രസാധനം: അദർ ബുക്സ്‌

Saturday, 7 November 2009

ആമിനാ വദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനം

(തുടർച്ച)
ആമിന വദൂദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിലൂടെ ഒരോട്ടപ്രദക്ഷിണം മാത്രമാണ്‌ ഇവിടെ നടത്തുന്നത്‌.ഇത്‌ വായിച്ച്‌ പ്രതികരിക്കുന്നതിന്‌മുമ്പ്‌ പുസ്തകം മുഴുവൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.എന്റെ അവലോകനം വായിക്കുന്നവരിൽ അവരുടെ വ്യാഖ്യാനരീതിയെക്കുറിച്ച്‌ തെറ്റായ ഒരു മുൻ വിധി ഉണ്ടാകാൻ ഇട വരുത്തരുതെന്ന ആഗ്രഹം കൊണ്ടാണ്‌ ഈ അഭ്യർത്ഥന.

ഫസലുൽറഹ്മാൻ,സമഖ്ശരി,സയ്യിദ്‌ ഖുത്തുബ്‌,മൗദൂദി തുടങ്ങിയവരുടെ ഖുർ-ആൻ വ്യാഖ്യാനങ്ങൾ ആമിനാ വദൂദ്‌ വിമർശ്ശനവിധേയമാക്കുന്നുണ്ട്‌ ഈ പുസ്തകത്തിൽ.

ഖുർ-ആൻ വ്യാഖ്യാനങ്ങളെ ആമിനാ വുദൂദ്‌ മൂന്ന് വിഭാഗങ്ങളായി കാണുന്നു.പരമ്പരാഗത വ്യാഖ്യാനം,പ്രതികരണാത്മക വ്യാഖ്യാനം,സമഗ്രവ്യാഖ്യാനം.

പരമ്പരാഗത വ്യാഖ്യാനമാണ്‌ ഖുർ-ആനെ മൊത്തത്തിൽ തള്ളിക്കളയുന്ന പ്രതികരണാത്മക വ്യഖ്യാനത്തിന്‌ കാരണം.ഖുർ-ആനെയും വ്യാഖ്യാനങ്ങളെയും രണ്ടായി കാണുകയും ഖുർ-ആനിലെ സമാനാശയങ്ങളെയും പദപ്രയോഗവ്യവസ്ഥകളെയും മാർഗ്ഗനിർദ്ദേശകതത്വങ്ങളെയും അഥവാ പ്രമേയങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ഗവേഷണരീതി അവലംബിക്കുകയും ചെയ്യുന്നതാണ്‌ സമഗ്രമായ വ്യാഖ്യാനം.ഇതാണ്‌ ആമിന വദൂദ്‌ നടത്തുന്നത്‌.'ഇത്തരത്തിലൂള്ള ഒരു വ്യാഖ്യാനത്തിലൂടെ പെണ്ണിന്റെ പ്രശ്നത്തെക്കുറിച്ച്‌ കഴമ്പുള്ളൊരു കാര്യവിചാരവും ഇന്നേവരെയുണ്ടായിട്ടില്ല'എന്നവർ പറയുന്നു..

ഖുർ-ആൻ വ്യാഖ്യാനത്തിൽ മൂലവചനത്തെ സംബന്ധിച്ച മൂന്ന് സവിശേഷതകൾ പരിഗണിക്കേണ്ടതുണ്ട്‌.

1-മൂലവചനം എഴുതപ്പെട്ട പരിസരം(ഖുർ-ആൻ അവതരിച്ച ദേശകാലം).
2- മൂലവചനങ്ങളുടെ രചനാരീതിയിൽ കൈക്കൊണ്ട വ്യാകരണ നിയമം(എന്ത്‌ എങ്ങനെ പറഞ്ഞുവെന്ന്).
3-ഉള്ളടക്കത്തിന്റെ ആകപ്പാടെയുള്ള സ്വഭാവം-അഥവാ പ്രപഞ്ചവീക്ഷണം.

'ഫസലൂറഹ്മാൻ നിർദ്ദേശിച്ച വിധമുള്ള വ്യാഖ്യാനരീതിയാണിത്‌.സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആവിഷ്കാരമാണ്‌ എല്ലാ ഖുർ-ആൻ സൂക്തങ്ങൾക്കും നൽകപ്പെട്ടതെന്ന് ഫസലുറഹ്മാൻ.അതുകൊണ്ട്‌ അർത്ഥവും ഉദ്ദേശവുമാണ്‌ പ്രാമാണികമാക്കേണ്ടത്‌.
ഖുർ-ആൻ ചില സ്ഥലങ്ങളിൽ സത്യവിശ്വാസികളേ,സത്യ വിശ്വാസിനികളേ എന്ന് എടുത്തു പറയുന്നത്‌ എന്തു കൊണ്ടാണെന്ന് അവർ പരിശോധിക്കുന്നുണ്ട്‌.ബഹുവചനത്തിന്റെ വ്യാകരണവിശദീകരണവും നൽകുന്നുണ്ട്‌.

സത്യവിശ്വാസികളായ എല്ലാവർക്കും മാർഗ്ഗനിർദ്ദേശനമാണ്‌ ഖുർ-ആൻ എന്ന് അതിൽ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഖുർ-ആൻ വചനങ്ങൾക്ക്‌ ഒരേയൊരു വ്യാഖ്യാനമേ പാടുള്ളൂ എന്ന് പറയുന്നത്‌ എങ്ങനെ ശരിയാകും? വ്യത്യസ്ത സാംസ്കാരിക പരിസരങ്ങൾക്ക്‌ ഇണങ്ങും വിധം വേണ്ടത്ര മയമുണ്ടെങ്കിലേ ഈ അവകാശവാദം ശരിയാകൂ.അല്ലെങ്കിൽ ഖുർ-ആന്റെ പ്രയോഗവൽക്കരണം ദുഷ്ക്കരമാകും.

തുടർന്ന് ആണും പെണ്ണൂം ഇന്നിന്നരീതിയിൽ പെരുമാറണമെന്ന ഒരു സമൂഹത്തിന്റെ മുന്ന റിവ്‌ ഖുർ-ആൻ വ്യഖ്യാനത്തിൽ എങ്ങനെ സ്വാധീനിക്കം എന്ന് പറയുന്നുണ്ട്‌.അറബിയിൽ നപുംസകപദം ഇല്ലെന്നതും ഇതോടൊന്നിച്ച്‌ ചർച്ചചെയ്യുന്നു.

സമൂഹത്തിലെ മുന്ന റിവുകളും മുൻ വിധികളും ഖുർ-ആൻ മനസ്സിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ട്‌.
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വൈജാത്യങ്ങളുണ്ടെങ്കിലും അത്‌ അവരുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങളല്ല.

ബഹുഭാര്യത്വം,തോന്നുമ്പോഴൊക്കെ മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം എന്നിവയിലെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഖുർ-ആൻ ഏർപ്പെടുത്തി.ചിലപെൺപക്ഷപ്രവർത്തകർ ഖുർ-ആൻ ഇവയൊക്കെ പാടെ എന്തു കൊണ്ട്‌ നിരോധിച്ചില്ല എന്ന് പറഞ്ഞ്‌ ഖുർ-ആനെതിരെ പോരിനിറങ്ങുന്നുണ്ട്‌.സ്ത്രീ പുരുഷസമത്വം ഒറ്റയടിക്ക്‌ എന്തുകൊണ്ട്‌ നടപ്പാക്കിയില്ല?പരിഷ്കാരങ്ങൾ പടിപടിയായി നടപ്പാക്കുകയായിരുന്നു ഖുർ-ആന്റെ ലക്ഷ്യം.(അടിമത്തകാര്യത്തിലും മദ്യനിരോധനം നടപ്പാക്കിയതിലും ഖുർ-ആന്റെ സമീപനം ഇവിടെ മാതൃകയാക്കാമെന്നു തോന്നുന്നു-ലേഖകൻ)

ചില സൂക്തങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ വിശദാംശങ്ങളിൽ,സൂക്തം വെളിപ്പെട്ട സാഹചര്യങ്ങളിൽ മാത്രം പരിമിതമണ്‌.വിശദാംശങ്ങൾകൊണ്ട്‌ ഖുർ-ആൻ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു.അടിസ്ഥാനതത്വമാണ്‌ മറ്റുസാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ പരിഗണിക്കേണ്ടത്‌.

സ്ത്രീകളുമായി ബന്ധപെട്ട നിർദ്ദേശങ്ങളിൽ അന്നത്തെ അറബ്‌ സമുഹത്തിൽ നിലനിന്നിരുന്ന തീവ്രമായ രണ്ട്‌ തരം സമീപനങ്ങൾക്ക്‌ നടുവിൽ ഒരു മിതത്വം പാലിക്കുകയാണ്‌ ഖുർ-ആൻ ചെയ്യുന്നത്‌.അതുകൊണ്ടാണ്‌ ഒറ്റയടിക്ക്‌ ഒരന്തിമ മാർഗ്ഗനിർദ്ദേശം തരാതിരുന്നത്‌.പെണ്ണുങ്ങൾക്ക്‌ അനന്തരാവകാശം നിഷേധിക്കൽ,ളിഹാർ,ബഹുഭാര്യത്വം,മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം,പർദ്ദ,കുടുംബത്തിലും സമൂഹത്തിലും അധികാരത്തിലുമുള്ള പുരുഷ മേധാവിത്തം അങ്ങനെ എല്ലാത്തിലും അന്ന് മിതവും പ്രായോഗികവുമായ ഒരു മധ്യവർത്തിനയമാന്‌ ഖുർ-ആൻ സ്വീകരിച്ചത്‌.

മനുഷ്യ സൃഷ്ടി,ആദം,ഹവ്വ.

സൃഷ്ടിപ്രക്രിയയിൽ പുരുഷന്‌ സ്ത്രീയേക്കാൾ മുൻ ഗണന ഇല്ല ഖുർ-ആനിൽ.
ഇത്‌ വ്യക്തമാക്കാൻ ഖുർ-ആൻ ഉപയോഗിച്ച നാല്‌ കേന്ദ്ര സംജ്ഞകൾ പരിശൊധിക്കുന്നു.1-ആയത്ത്‌,2-മിൻ,3-നഫ്സ്‌,4-സൗജ്‌.

കണ്ടെത്തലുകൾ

അദ്ര്ശ്ശ്യമായ ദ്ര്ഷ്ടാന്തങ്ങൾ വിശദീകരിക്കാൻ മനുഷ്യ ഭാഷ അപര്യാപ്തമാണ്‌. മനുഷ്യവർഗ്ഗോൽപത്തി ആദമിനോടു കൂടിയാണെന്ന പരാമർശ്ശം ഖുർ-ആനിൽ ഇല്ല.നഫ്സിൽ നിന്ന് സൗജിനെ സൃഷ്ടിച്ചു എന്നു പറയുന്നു.നഫ്സ്‌ വ്യാകരണപരമായി സ്ത്രീ ലിംഗവും സൗജ്‌ പുല്ലിംഗവും ആണത്രേ.ആദമിന്റെ വാരിയെല്ലിൽ നിന്നാണ്‌ ഹവ്വയെ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്ന പരാമർശ്ശമൊന്നും തന്നെ ഖുർ-ആനിലില്ല.

ആദിപാപത്തിന്റെ ഉത്തരവാദിത്തം പെണ്ണിൽമാത്രം കെട്ടിവെക്കുന്നില്ല.രണ്ടുപേർക്കും പാപത്തിന്റെ പങ്കുണ്ട്‌.ആദമിനാണ്‌ പാപത്തിന്റെ പ്രധാന ഉത്തരവാദിത്തം നൽകപ്പെടുന്നതെന്നു പോലും പറയാം.

ഒരു പ്രത്യേക ജാതിയായി ഖുർ-ആൻ പെണ്ണിനെ കാണുന്നില്ല.

ഖുർ-ആനിലെ പെണ്ണൂങ്ങൾ

ഖുർ-ആനിൽ പറയൂന്ന പെണ്ണുങ്ങളുടെ പാഠങ്ങൾ പെണ്ണുങ്ങൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല.എല്ലാവർക്കും അത്‌ ബാധകമാണ്‌.ഖുർ-ആനിലെ പുരുഷന്മാർ എല്ലാവർക്കും പാഠമാകുന്നത്‌ പോലെ.(മനുഷ്യരിൽ ചിലരെ ഖുർ-ആൻ എടുത്തു പറയുന്നു. അതിൽ പുരുഷനും സ്ത്രീയും സ്വാഭാവികമായി ഉൾപ്പെടുന്നു).

പുരുഷന്‌ ശ്രേഷ്ഠത നൽകുന്നതൊന്നും ഖുർ-ആനിലില്ല.സ്ത്രീയും നഫ്സാണ്‌.(ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾക്കൊപ്പം 'ജന്മസിദ്ധ'മായ തരം തിരിവുകൾ നൽകൂന്നത്‌ സമൂഹമാണ്‌).

തഖ്‌ വ മാത്രമാണ്‌ വ്യത്യാസത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനമെന്ന് വിവിധ ഖുർ-ആൻ വ്യാഖ്യാനങ്ങളെ പരിശോധിച്ച്‌ അവർ പറയുന്നു.

പെണ്ണിന്‌ വഹ്‌യ്‌

മൂസായുടെ മാതാവിന്‌ വെളിപാട്‌ നൽകി എന്ന് ഖുർ-ആൻ പറയുന്നുണ്ട്‌.മറിയം എല്ലാവർക്കും മാതൃകയാണെന്ന് പറയുന്നു.ഭരണാധികാരിയായ ബിൽഖീസിനെ മാനിക്കുന്നു ഖുർ-ആൻ.അധികാരം സ്ത്രീക്ക്‌ പടില്ലെന്ന് പറയുന്നില്ല.(ആ അധികാരം തന്നെയല്ലേ വിശ്വാസകാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കിയത്‌?)
(അവസാനിച്ചിട്ടില്ല)

Wednesday, 9 September 2009

പെൺ ഇസ്ലാം:ഒരു മുഖവുര

അദർ ബുക്സ്‌ പ്രസിദ്ധീകരിച്ച ആമിന വദൂദിന്റെ ' ഖുർ-ആൻ ഒരു പെൺ വായന'എന്ന പുസ്തകത്തെ പരിചയപ്പെടുത്താനാണ്‌ അടുത്ത രണ്ടോ മൂന്നോ പൊസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്‌.പുസ്തകത്തിന്റെ അവതാരികകളിൽകൂടിയുള്ള വീശദമായൊരു യാത്ര ഇസ്ലാമിക സ്ത്രീവാദത്തെ കുറിച്ച്‌ ഒരു ഏകദേശ ധാരണ കിട്ടാൻ ഇടയാകും എന്നതിനാൽ അത്‌ മാത്രമ്മാണ്‌ ഈ പോസ്റ്റിന്റെ ഉള്ളടക്കം.

അദർബുക്സുകാർ പുസ്തകം സമർപ്പിച്ചുകൊണ്ട്‌ എഴുതിയതിൽ നിന്ന്

"(കേരളത്തിൽ)കഴിഞ്ഞ പത്തുവർഷത്തെ ഇസ്ലാമിക പുസ്തകങ്ങൾ,ആനുകാലികങ്ങൾ,സമ്മേളനങ്ങൾ,സെമിനാറുകൾ എന്നിവ എടുത്താൽ അവയിൽ സ്ത്രീ ഇസ്ലാമിൽ,ഇസ്ലാമും സ്ത്രീകളും,സ്ത്രീകളുടെ ബാധ്യതകളും അവകാശങ്ങളും ഇസ്ലാമിൽ എന്നീ ടൈറ്റിലുകൾ ധാരാളം കാണാം. അവ മനസ്സിലാക്കിയാൽ കുഴപ്പം ഇസ്ലാമിനല്ല മുസ്ലിംകൾക്കാണെന്നും കാണാം.അഥവാ ഇക്കാര്യത്തിൽ ബോധത്തെയും പ്രവൃത്തിയെയും ഇസ്ലാമീകരിക്കുക എന്ന കാതലായ നീക്കം നടക്കുന്നേയില്ല.മറ്റൊന്ന്,ഒരിക്കലും പുരുഷനും ഇസ്ലാമും,പുരുഷന്റെ കടമകളും അവകാശങ്ങളും ഇസ്ലാമിൽ തുടങ്ങിയ ഒരു ചർച്ചയോ ആലോചനയോ മുസ്ലിംകൾക്കിടയിൽ നടക്കുന്നതായും കാണുന്നില്ല......
...ആമിന വദൂദിന്റെ ചില തീവ്രനിലപാടുകളോടുള്ള മുസ്ലിം ലോകത്തിന്റെ നീരസം മൗലിക ചിന്തകൾ ധാരാളമുള്ള ഒരു ചിന്താ സരണി തിരസ്ക്കരിപ്പെടാനോ.... ഖുർ-ആൻ വായനയുടെ ഒരു മഹാസാധ്യത ഇല്ലാതാവാനോ കാരണമാകരുത്‌ ....."

വായനക്കു മുമ്പ്‌- എ കെ രാമകൃഷ്ണൻ(എം ജി യൂനിവേഴ്സിറ്റി)

"ഏതു സാർത്ഥകമായ മതഗ്രന്ഥവ്യാഖ്യാനവും രണ്ടു സംഗതികൾ ആവശ്യപ്പെടുന്നു.(1) ആ മതഗ്രന്ഥത്തിന്റെ ഉള്ളിൽ കടന്നു ചെല്ലാനുള്ള അറിവ്‌.(2)ഏതു സന്ദർഭത്തിലാണോ വ്യാഖ്യാനം നിർവ്വഹിക്കുന്നത്‌,ആ കാലഘട്ടത്തിന്റെ ജ്ഞാന അധികാരമണ്ഡലങ്ങളെക്കുറിച്ചുള്ള അവഗാഹം....ഇവ രണ്ടും ഏകോപിക്കുന്നു എന്നതാണ്‌ ഈ പുസ്തകത്തിന്റെ പ്രാധാന്യം"
.."സ്ത്രീ വീക്ഷണത്തിലെ ഈ പുതിയ ഇജ്തിഹാദ്‌ അതർഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കപ്പെടുമെന്ന വിശ്വാസമാണ്‌ എനീക്കുള്ളത്‌”

അവതാരികയിൽനിന്ന്(പി കെ അബ്ദുൽ റഹ്മാൻ,മദ്രാസ്‌ യൂനിവേഴ്സിറ്റി)

"ഇസ്ലാമിക നിയമങ്ങളുടെ വ്യാഖ്യാന സാധ്യത നിലച്ചിരിക്കുന്നുവെന്നും ഖുർ-ആനും സുന്നത്തും അനുസരിച്ച്‌ ഇസ്ലാമികപ്രമാണങ്ങളെ സ്വതന്ത്രമായി പുനർവ്വ്യാഖ്യാനിക്കാനുള്ള സാധ്യതകൾ ഇല്ലാതായിരിക്കുന്നുവെന്നും 10-ാ‍ം നൂറ്റാണ്ടിൽ പ്രഖ്യാപിക്കപ്പെട്ടു.ഇക്കാലത്ത്‌ സ്ഥാപനവൽക്കരിക്കപ്പെട്ട മത യാഥാസ്ഥിതികതയാണ്‌ മുസ്ലിം സമുദായത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക്‌ മതപരമായ യുക്തിയും ന്യായവും നൽകിയത്‌".

"യാഥാസ്ഥിതിക വിശകലനത്തിൽ ശാരീരികവും മാനസികവുമായ അനിവാര്യതകളാണ്‌ വിവിധ മണ്ഡലങ്ങളിലെ സ്ത്രീയുടെ സ്ഥാനം നിർണ്ണയിക്കുന്നത്‌.പുരുഷൻ പൊതുമണ്ഡലത്തിന്റെ അധിപനാണ്‌.ആർത്തവം,ഗർഭധാരണം,മുലയൂട്ടൽതുടങ്ങിയവ സ്ത്രീയുടെ "ദുരന്തപ്രകൃത"ങ്ങളാണ്‌.അതിനാൽ സ്ത്രീ പ്രകൃത്യാ സന്താന പരിപാലനം,വീട്ടു ജോലികളുടെ നിർവ്വഹണം എന്നിവക്ക്‌ മാത്രം പറ്റുന്നവളാണ്‌(സൂചന,മൗദൂദി).ലിംഗാടിസ്ഥാനത്തിലുള്ള ഈ വിഭജനം പ്രകൃതി നിയമമായതിനാൽ ഇസ്ലാമിനെപോലെ ഉത്തമമായ സംസ്കാരത്തിന്‌ പ്രകൃതിയുടെ കൽപന നടപ്പാക്കാതിരിക്കാനാവില്ലെന്ന് മൗദൂദി വാദിക്കുന്നുണ്ട്‌.സ്ത്രീകളെക്കുറിച്ചുള്ള ഈ ജീവശാസ്ത്രം-സത്താവാദം-അവളുടെ ബുദ്ധിപരവും മാനസികവും ശാരീരികവുമായ കഴിവുകളെയും സാർത്ഥകമായ വ്യക്തിത്വത്തെയും നിരാകരിക്കുന്നതാണ്‌".

തുടർന്ന് മറിയം ജമീലയുടെ യാഥാസ്ഥിതിക ലിംഗകൽപനകളെയും അവതാരികകാരൻ പരാമർശ്ശിക്കുന്നു.
"കുടുംബ സംവിധാനത്തിൽ പുരുഷനുള്ള അധികാരം ദൈവത്തിന്‌ പ്രപഞ്ചത്തിലുള്ള അധികാരത്തിന്റെ പ്രതീകമാണ്‌.ഇക്കാരണത്താലാണ്‌ പുരുഷൻ ബഹുമാനിക്കപ്പേടുന്നതെന്നും മറിയം ജമീല വാദിക്കുന്നുണ്ട്‌"

തുടർന്ന് 'ഇസ്ലാമിക ആധുനികതാവാദം' ഇജ്തിഹാദ്‌ പുനസ്ഥാപിച്ച്‌ കൊണ്ട്‌ നിയജ്ഞതയുടെ കർക്കശ യാഥാസ്ഥിതികതയെ തകർക്കാൻ ശ്രമിച്ചതിനെ പരാമർശ്ശിക്കുന്നു.ശൈഖ്‌ മുഹമ്മദ്‌ അബ്ദു(1849-1905)ഇസ്ലാമും ആധുനികതയും പരസ്പരപൂരകങ്ങളാണെന്ന് വാദിച്ചു.ഇസ്ലാമിലെ മതാനുഷ്ഠാന നിയമങ്ങളെ(ഇബാദത്ത്‌) സാമൂഹ്യവ്യവഹാരസംബന്ധിയായ നിയമങ്ങളിൽ നിന്ന് (മു ആമലത്ത്‌) വേർ തിരിക്കണമെന്ന അബ്ദുവിന്റെ നിലപാട്‌ ഒരു പുതിയ വ്യാഖ്യാന മാതൃകയുടെ വികാസത്തിന്‌ ഇടം നൽകുന്നുണ്ട്‌.ഇദ്ദേഹം ലിംഗസമത്വം ഇസ്ലാമിക സാമൂഹിക ഘടനയുടെ സത്തയാണെന്നു പാറഞ്ഞു.
എന്നാൽ ഇസ്ലാമിക ആധുനികതക്ക്‌ മതഭൗതിക പാരമ്പര്യങ്ങളുടെ പുരുഷവത്കരണത്തിനെ മറികടക്കാനായില്ല.തൽഫലമായി യാഥാസ്ഥിതിക സമീപനങ്ങൾ ലിംഗാധിഷ്ഠിത അധികാരഘടനയെ ആധുനികതയിലും പുനസൃഷ്ടിക്കുന്നത്‌ തുടർന്നു.

"എന്നാൽ വ്യാഖ്യാനങ്ങൾ ഖുർ-ആന്റെ ലോകവീക്ഷണത്തെ പ്രതിഫലിക്കണമെന്നും പാഠത്തിന്റെ സത്തയെ പ്രകാശിപ്പിക്കാത്ത നിയമങ്ങൾ മാറണമെന്നും പല ആധുനിക ഇസ്ലാമിക പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്‌.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള ഖുർ-ആന്റെ നിലപാടുകൾ ഏത്‌ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിലും നിലനിർത്തേണ്ട മനുഷ്യ സമത്വത്തിന്റെയും നീതിയുടെയും പ്രതീകമായാണ്‌ ഇസ്മാ-ഈൽ റാജി ഫാറൂഖിയെ പോലുള്ള പണ്ഡിതന്മാർ മനസ്സിലാക്കുന്നത്‌.ധാരാളം സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്ന വർത്തമാന ഘടനയിൽ ദാതാവെന്ന നിലയിൽ പുരുഷന്‌ സ്ത്രീക്ക്‌ മേൽ ആരോപിക്കപ്പെടുന്ന മുൻ ഗണനയുടെ വിവക്ഷ മാറ്റത്തിന്‌ വിധേയമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു....ഈ പണ്ഡിതന്മാർ മുസ്ലിം ഭൗതിക പാരമ്പര്യത്തിൽ പ്രാമാണ്യം നേടിയെങ്കിലും ലിംഗനീതിക്കു വേണ്ടിയുള്ള സ്ത്രീകളുടെ ശ്രമങ്ങൾ മുസ്ലിം ലോകം മുൻ വിധിയോടെയാണ്‌ കണ്ടത്‌".

ഇസ്ലാമിക സ്ത്രീവാദം

'പുരുഷ കേന്ദ്രിതമായ ആധുനികതാ വാദത്തെ ചോദ്യം ചെയ്തു കൊണ്ടാണ്‌ സ്ത്രീവാദം രംഗത്തു വന്നത്‌. എന്നാൽ ഇതിനെ ഇസ്ലാമിക കുടുംബ സംവിധാനത്തെ തുരങ്കം വെക്കനുള്ള പാശ്ചാത്യ സാമ്രജ്യത്വത്തിന്റെ ഗൂഢ പദ്ധതിയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഇതേ ആരോപണം ആദ്യകാല സ്ത്രീ മുന്നേറ്റങ്ങൾക്കെതിരെയും യാഥാസ്ഥികർ ഉന്നയിച്ചിരുന്നു എന്നു അഭിനവ യാഥാസ്ഥികർ ഓർക്കാറില്ല.ലിംഗനീതിയെ ക്കുറിച്ചുള്ള ഖുർ-ആന്റെ അടിസ്ഥാന തത്വങ്ങളെ വീണ്ടെടുക്കുകയാണ്‌ ഇസ്ലാമിക സ്ത്രീവാദം ലക്ഷ്യമിടുന്നത്‌'.

ഇതുവരെ പുരുഷാനുഭവങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ്‌ ഇസ്ലാമിക പ്രമാണങ്ങൾ വ്യാഖ്യാനിക്കപ്പെട്ടത്‌.ഇവയിൽ സ്ത്രീകളുടെ അനുഭവങ്ങളെ അവഗണിക്കുകയും പുരുഷ വീക്ഷണം,ആഗ്രഹം, അഭിനിവേശം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം അവയെ നിർണ്ണയിക്കുകയുംചെയ്തു.തൽഫലമായി ദൈവിക കൽപനയെന്നും പ്രകൃതിപരം,ധാർമ്മികം എന്നുമൊക്കെ വിശദീകരിക്കപ്പെട്ട പുരുഷാധിപത്യം മുസ്ലിം സാമൂഹിക പെരുമാറ്റത്തിന്റെ സാമാന്യ മാതൃകയായി മാറി'.

'എന്നാൽ ആശയങ്ങൾ അധിനിവേശത്തിന്റെ ഉപകരണമാകുന്നതിന്റെ ഉദാഹരണമാണ്‌ ഇസ്ലാമിക ഫെമിനിസം എന്ന വിമർശ്ശനം ഉണ്ടായി.പാശ്ചാത്യ റാഡിക്കൽ ഫെമിനിസത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീ വാദത്തിന്റെ തദ്ദേശീയ രൂപങ്ങൾ രൂപപ്പെട്ടതും സാമ്രാജ്യത്വത്തിന്റെ ഇടപെടൽ കൊണ്ടല്ല.മറിച്ച്‌ കാല ദേശങ്ങളുടെ അനിവാര്യതയെന്നോണമാണ്‌.അതുകൊണ്ട്‌ തന്നെയാണ്‌ ജൂത സ്ത്രീവാദവും കത്തോലിക്കാസ്ത്രീവാദവും ഇസ്ലാമിക സ്ത്രീവാദവുമെല്ലാം ഒരു പോലെ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്‌'.

'ഇസ്ലാമിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ടുള്ള ഇജ്തിഹാദാണിത്‌.ഇസ്ലാമിക സ്ത്രീവാദികൾ കുടുംബം,മാതൃത്വം,സന്താന പരിപാലനം തുടങ്ങി മിക്ക പ്രശ്നങ്ങളിലും റാഡിക്കൽ ഫെമിനിസ്റ്റുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.ഇസ്ലാമിനെ പോലെ ഇസ്ലാമിക ഫെമിനിസവും പാശ്ചാത്യ-പൗരസ്ത്യ വിഭജനങ്ങൾക്കതീതമാണ്‌'.

'ഇസ്ലാമിന്‌ സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമോ ഇല്ലെന്നും നിക്ഷ്പക്ഷമാണതെന്നും സ്ത്രീവാദം വിഭജനമുണ്ടാക്കുന്നുവെന്നുമാണ്‌ മറ്റൊരു വിമർശ്ശനം.സ്ത്രീയുടെ വ്യക്തിപരമായ അധികാരവും അതുവഴി മതാധികാര ഘടനയുടെ വികേന്ദ്രീകരണവുമാണ്‌ ഇത്‌ ലക്ഷ്യമിടുന്നതെന്നും വിമർശ്ശനം ഉണ്ട്‌'.

'വ്യാഖ്യാനപദ്ധതികൾ പ്രത്യയശാസ്ത്രമുക്തമല്ല.ആത്മനിഷ്ഠപരികൽപനകളും അതുൾക്കൊള്ളുന്നു.ഒരു പാഠത്തിന്‌ നൽകുന്ന അർത്ഥത്തിന്‌ ആ കൃതി വായിക്കപ്പെടുന്ന ഭാഷ,സാംസ്കാരിക പശ്ചാത്തലം എന്നിവയിൽ നിന്ന് തികച്ചും സ്വതന്ത്രമായി നിൽക്കാനാവില്ല.ആമിനാ വദൂദ്‌ പറയുന്നു: ഒരു വ്യാഖ്യാനവും പൂർണ്ണമായും വസ്തുനിഷ്ഠമോ വ്യാഖ്യാതാവിന്റെ പ്രത്യയശാസ്ത്രനിലപാടിൽ നിന്ന് മുക്തമോ അല്ല’.ഏതൊരു ഖുർ-ആൻ വ്യാഖ്യാനവും വ്യാഖ്യാനത്തിന്റെ അവസാനവാക്കല്ല.പുതിയ അർത്ഥങ്ങൾ ഖുർ-ആന്റെ സാർവ്വലൗകികത കൂടുതൽ പ്രകാശിതമാക്കുന്നു.അങ്ങിനെ വരുമ്പോൾ സ്ത്രീപക്ഷവായന നിക്ഷ്പക്ഷതയേയും നീതിയേയും വീണ്ടെടുക്കുന്നതിനാണ്‌ സഹായകമാകുക'.

'അടിച്ചമർത്തലോ അതിന്റെ കാരണമോ അതിന്റെ ന്യായീകരണമോ വ്യാഖ്യാനപരമാണെങ്കിൽ ആ വ്യാഖ്യാനത്തിലെ മർദ്ദനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്ന വ്യാഖ്യാനങ്ങളാണ്‌ സ്ത്രീവാദം നടത്തുന്നത്‌'.

'ഖുർ-ആനിന്‌ ഉള്ളിലുള്ള ആശയപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനോ പ്രമേയങ്ങൾ തിരിച്ചറിയുവാനോ മിനക്കെടാതെ വിവിധ വിഷയങ്ങളാൽ സ്വാധീനിക്കപ്പെട്ട കേവലവ്യാഖ്യാനങ്ങളാണ്‌ സാമ്പ്രദായിക വ്യാഖ്യാനങ്ങളെന്ന് ആമിനാവദൂദ്‌ നിരീക്ഷിക്കുന്നു'.

'തൗഹീദ്‌,ഖിലാഫത്ത്‌ എന്നീ ഖുർ-ആനിക സങ്കൽപനങ്ങളാണ്‌ സ്ത്രീവാദ വ്യാഖ്യാനമാതൃകയുടെ അടിസ്ഥാനം.എല്ലാ സൃഷ്ടികളെയും ഇണകളായാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുർ-ആൻ.സൃഷ്ടിക്കപ്പെടാത്തത്‌ ദൈവം മാത്രം.അവൻ ഏകനാണ്‌.സൃഷ്ടികൾക്കിടയിൽ അധികാരശ്രേണിയില്ല.അത്‌ അനീതിയെ(ളുൽമ്‌) സൂചിപ്പിക്കുന്നു.അതുകൊണ്ട്‌ തന്നെ ലിംഗപരമായ അധികാര ഘടന തൗഹീദിന്റെ വിവക്ഷക്കെതിരാണ്‌.ഖുർ-ആനിൽ ലിംഗപരമായ തൊഴിൽ വിഭജനവും ഇല്ല'.

'നീതിയിലല്ലാത്ത എല്ലാ അധികാര ഘടനയേയും ഇസ്ലാമിക സ്ത്രീവാദം നിരാകരിക്കുന്നു.ഇത്‌ പൗരോഹിത്യത്തിന്റെ പിടിയിൽ നിന്ന് വിശ്വാസത്തെയും ഇസ്ലാമിക വിജ്ഞാനീയങ്ങളെയും മുക്തമാക്കുന്നു.അധികാരം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും വ്യാപിക്കുക എന്നത്‌ ജനാധിപത്യത്തിന്റെ പ്രയോഗവൽക്കരണമാണ്‌.അരാജകത്വമല്ല.ഇത്‌ വിമോചനത്തിന്റെ വ്യാഖ്യാന ശാസ്ത്രമാണ്‌.ഇത്‌ മതത്തിനും മതേതര ചിന്തക്കുമിടയിൽ നില നിന്നിരുന്ന ശത്രുതാപരമായ സമീപനത്തിനു പകരം സംവാദത്തിന്റെ ഒരു ഇടം സാധ്യമാക്കുന്നു.സംവാദത്തിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും അതിന്റെ ബലഹീനതകളെ അതിജീവിക്കാനാകൂ'.
************************************
അടുത്ത രണ്ട്‌ പോസ്റ്റുകളിൽ ആമിനാവദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിന്റെ ഒരു ലഘു വിവരണം നൽകാം.

Wednesday, 2 September 2009

'മറ്റിസ്ലാമുകൾ' സാധ്യമാണ്‌

ഇസ്ലാം ലോകത്ത്‌ വിവിധ ഭൂപ്രദേശങ്ങളിൽ പടർന്നുപന്തലിച്ചതും വേരോടിയതും അതാത്‌ പ്രദേശങ്ങളിലെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ്‌. ഈ സ്വാംശീകരണം ദാർശ്ശനികതലത്തിലും സാംസ്കാരിക തലത്തിലും രാഷ്ട്രീയതലത്തിലും വൈജ്ഞാനികതലത്തിലുമെല്ലാം ദ്ര്ശ്ശ്യമാണ്‌.ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും തത്വങ്ങളും പ്രയോഗങ്ങളും അവക്കെല്ലാം അനുരൂപമായ അതിന്റെ ഏകദൈവ സങ്കൽപവും വിവിധ സാഹചര്യങ്ങളിൽ വിവിധരൂപങ്ങളിലാണ്‌ സാക്ഷാൽകാരത്തിനായി ശ്രമങ്ങൾ നടത്തിയത്‌.

ആലങ്കാരികമായി പറഞ്ഞാൽ ഇസ്ലാമിന്റെ ധവളിമ മഴവിൽ വർണ്ണങ്ങൾ വിടർത്തിയാണ്‌ മാനവ ഹൃദയങ്ങളെ ആകർഷിച്ചത്‌.ജീവിതത്തിന്റെ മഴവിൽഭംഗിയേയും മനുഷ്യവൈവിധ്യങ്ങളേയും ഖുർ-ആൻ അംഗീകരിക്കുന്നുണ്ട്‌. എന്നാൽ പൗരോഹിത്യവും അധികാരവും ഇസ്ലാമിനെ സ്ഥാപനവൽക്കരിക്കുകയും സ്ഥാപനത്തെ നിഷേധിക്കുന്നവരെ മതത്തിൽ നിന്ന് പുറം തള്ളാൻ എന്നും ശ്രമിക്കുകയും ചെയ്തു.സ്ഥപന വൽകൃത മതത്തിന്‌ പുരോഹിതരും ഭരണവർഗ്ഗങ്ങളും ഉണ്ടാക്കിയ ചട്ടക്കൂടുകൾ ഇസ്ലാമിന്റെ അടിസ്ഥാനാദർശ്ശങ്ങളായി ഉറപ്പിക്കപ്പെട്ടു. എന്നിട്ടും സ്ഥാപന നിഷേധികളായ ഇസ്ലാമുകൾ മുഖ്യധാരാ ഇസ്ലാമിന്‌ തുടച്ചു നീക്കാൻ സാധിക്കാത്തവിധം സ്വാധീനങ്ങൽ ഉണ്ടാക്കി.

വിവിധ സൂഫി ധാരകൾ മുതൽ ഇന്നത്തെ ഇസ്ലാമിക ഫെമിനിസം വരെ നീളുന്ന ബഹുസ്വര ഇസ്ലാമുകൾക്കാണ്‌ ഇന്നത്തെ ലോകത്ത്‌ കൂടുതൽ പ്രസക്തി എന്ന് തിരിച്ചറിയാൻ അധിക കാലം വേണ്ടിവരില്ല.ശിർക്കും ബിദ്‌-അത്തും എന്നൊക്കെപ്പറഞ്ഞ്‌ പരസ്പരം വേർ തിരിക്കുന്ന ഇസ്ലാമിക സംഘടനകൾക്ക്‌ പുതിയകാലത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകാഴ്ചയോടെ നോക്കിക്കാണാനാവില്ല.

ഇവിടെ പരിചയപ്പെടുത്തുന്ന 'മറ്റിസ്ലാമുകൾ' മുൻപേ പറക്കുന്ന പക്ഷികളാണ്‌. അവർ ഇന്നു പറയുന്ന കാര്യങ്ങൾ വ്യവസ്ഥാപിത ഇസ്ലാമിക സംഘടനകൾക്ക്‌ നാളെ അംഗീകരിക്കേണ്ടി വരും.

ഇസ്ലാമികഫെമിനിസം,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രം, ലൈംഗികന്യൂനപക്ഷങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട്‌ ഇസ്ലാമിനെ പുനർവ്വായിക്കുന്നവർ,സർവ്വമതസത്യവാദം തുടങ്ങി വിവിധ ധാരകളെ പരിചയപ്പേടുത്തൽ മാത്രമാണ്‌ ഈ ബ്ലോഗിന്റെ തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്‌.അവ ഹ്രസ്വവും ശുഷ്കവും ബാലിശവുമായിപ്പോയാൽ ക്ഷമിക്കണം.എന്റെ പരിമിതിക്കകത്ത്‌ നിന്നു കൊണ്ട്‌ എനിക്കാവുന്നത്‌ ഞാൻ ചെയ്യുന്നു. അത്രമാത്രം.
മതത്തിനു വേണ്ടിയോ മതത്തിനെതിരെയോ ഉള്ള കേവലയുക്തിവാദങ്ങൾക്ക്‌ അപ്പുറമുള്ള ചില അന്വേഷണങ്ങളെ പരിചയപ്പെടുത്തുക മാത്രം ചെയ്യുന്നു

മലയാളത്തിൽ ലഭ്യമായ ചില പുസ്തകങ്ങളെയും അതിലെ ആശയങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചില പോസ്റ്റുകളാണ്‌ ആദ്യം ഉദ്ദേശിക്കുന്നത്‌. ഏതെങ്കിലും ആശയങ്ങളോ പുസ്തകങ്ങളോ ഈ തരത്തിൽ പെടുന്നവ ഉണ്ടെങ്കിൽ വായനക്കാർ നിർദ്ദേശിക്കണം.അവ സംഘടിപ്പിച്ച്‌ വായിച്ച്‌ ഇതിൽ ഉൾകൊള്ളിക്കാൻ ശ്രമിക്കാം.മറ്റിസ്ലാമുകൾ എന്തുകൊണ്ട്‌ സാധ്യമാണ്‌ എന്ന് ഓരോ പോസ്റ്റും വായിക്കുമ്പോൾ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.

നല്ല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.