Wednesday 9 September 2009

പെൺ ഇസ്ലാം:ഒരു മുഖവുര

അദർ ബുക്സ്‌ പ്രസിദ്ധീകരിച്ച ആമിന വദൂദിന്റെ ' ഖുർ-ആൻ ഒരു പെൺ വായന'എന്ന പുസ്തകത്തെ പരിചയപ്പെടുത്താനാണ്‌ അടുത്ത രണ്ടോ മൂന്നോ പൊസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്‌.പുസ്തകത്തിന്റെ അവതാരികകളിൽകൂടിയുള്ള വീശദമായൊരു യാത്ര ഇസ്ലാമിക സ്ത്രീവാദത്തെ കുറിച്ച്‌ ഒരു ഏകദേശ ധാരണ കിട്ടാൻ ഇടയാകും എന്നതിനാൽ അത്‌ മാത്രമ്മാണ്‌ ഈ പോസ്റ്റിന്റെ ഉള്ളടക്കം.

അദർബുക്സുകാർ പുസ്തകം സമർപ്പിച്ചുകൊണ്ട്‌ എഴുതിയതിൽ നിന്ന്

"(കേരളത്തിൽ)കഴിഞ്ഞ പത്തുവർഷത്തെ ഇസ്ലാമിക പുസ്തകങ്ങൾ,ആനുകാലികങ്ങൾ,സമ്മേളനങ്ങൾ,സെമിനാറുകൾ എന്നിവ എടുത്താൽ അവയിൽ സ്ത്രീ ഇസ്ലാമിൽ,ഇസ്ലാമും സ്ത്രീകളും,സ്ത്രീകളുടെ ബാധ്യതകളും അവകാശങ്ങളും ഇസ്ലാമിൽ എന്നീ ടൈറ്റിലുകൾ ധാരാളം കാണാം. അവ മനസ്സിലാക്കിയാൽ കുഴപ്പം ഇസ്ലാമിനല്ല മുസ്ലിംകൾക്കാണെന്നും കാണാം.അഥവാ ഇക്കാര്യത്തിൽ ബോധത്തെയും പ്രവൃത്തിയെയും ഇസ്ലാമീകരിക്കുക എന്ന കാതലായ നീക്കം നടക്കുന്നേയില്ല.മറ്റൊന്ന്,ഒരിക്കലും പുരുഷനും ഇസ്ലാമും,പുരുഷന്റെ കടമകളും അവകാശങ്ങളും ഇസ്ലാമിൽ തുടങ്ങിയ ഒരു ചർച്ചയോ ആലോചനയോ മുസ്ലിംകൾക്കിടയിൽ നടക്കുന്നതായും കാണുന്നില്ല......
...ആമിന വദൂദിന്റെ ചില തീവ്രനിലപാടുകളോടുള്ള മുസ്ലിം ലോകത്തിന്റെ നീരസം മൗലിക ചിന്തകൾ ധാരാളമുള്ള ഒരു ചിന്താ സരണി തിരസ്ക്കരിപ്പെടാനോ.... ഖുർ-ആൻ വായനയുടെ ഒരു മഹാസാധ്യത ഇല്ലാതാവാനോ കാരണമാകരുത്‌ ....."

വായനക്കു മുമ്പ്‌- എ കെ രാമകൃഷ്ണൻ(എം ജി യൂനിവേഴ്സിറ്റി)

"ഏതു സാർത്ഥകമായ മതഗ്രന്ഥവ്യാഖ്യാനവും രണ്ടു സംഗതികൾ ആവശ്യപ്പെടുന്നു.(1) ആ മതഗ്രന്ഥത്തിന്റെ ഉള്ളിൽ കടന്നു ചെല്ലാനുള്ള അറിവ്‌.(2)ഏതു സന്ദർഭത്തിലാണോ വ്യാഖ്യാനം നിർവ്വഹിക്കുന്നത്‌,ആ കാലഘട്ടത്തിന്റെ ജ്ഞാന അധികാരമണ്ഡലങ്ങളെക്കുറിച്ചുള്ള അവഗാഹം....ഇവ രണ്ടും ഏകോപിക്കുന്നു എന്നതാണ്‌ ഈ പുസ്തകത്തിന്റെ പ്രാധാന്യം"
.."സ്ത്രീ വീക്ഷണത്തിലെ ഈ പുതിയ ഇജ്തിഹാദ്‌ അതർഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കപ്പെടുമെന്ന വിശ്വാസമാണ്‌ എനീക്കുള്ളത്‌”

അവതാരികയിൽനിന്ന്(പി കെ അബ്ദുൽ റഹ്മാൻ,മദ്രാസ്‌ യൂനിവേഴ്സിറ്റി)

"ഇസ്ലാമിക നിയമങ്ങളുടെ വ്യാഖ്യാന സാധ്യത നിലച്ചിരിക്കുന്നുവെന്നും ഖുർ-ആനും സുന്നത്തും അനുസരിച്ച്‌ ഇസ്ലാമികപ്രമാണങ്ങളെ സ്വതന്ത്രമായി പുനർവ്വ്യാഖ്യാനിക്കാനുള്ള സാധ്യതകൾ ഇല്ലാതായിരിക്കുന്നുവെന്നും 10-ാ‍ം നൂറ്റാണ്ടിൽ പ്രഖ്യാപിക്കപ്പെട്ടു.ഇക്കാലത്ത്‌ സ്ഥാപനവൽക്കരിക്കപ്പെട്ട മത യാഥാസ്ഥിതികതയാണ്‌ മുസ്ലിം സമുദായത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക്‌ മതപരമായ യുക്തിയും ന്യായവും നൽകിയത്‌".

"യാഥാസ്ഥിതിക വിശകലനത്തിൽ ശാരീരികവും മാനസികവുമായ അനിവാര്യതകളാണ്‌ വിവിധ മണ്ഡലങ്ങളിലെ സ്ത്രീയുടെ സ്ഥാനം നിർണ്ണയിക്കുന്നത്‌.പുരുഷൻ പൊതുമണ്ഡലത്തിന്റെ അധിപനാണ്‌.ആർത്തവം,ഗർഭധാരണം,മുലയൂട്ടൽതുടങ്ങിയവ സ്ത്രീയുടെ "ദുരന്തപ്രകൃത"ങ്ങളാണ്‌.അതിനാൽ സ്ത്രീ പ്രകൃത്യാ സന്താന പരിപാലനം,വീട്ടു ജോലികളുടെ നിർവ്വഹണം എന്നിവക്ക്‌ മാത്രം പറ്റുന്നവളാണ്‌(സൂചന,മൗദൂദി).ലിംഗാടിസ്ഥാനത്തിലുള്ള ഈ വിഭജനം പ്രകൃതി നിയമമായതിനാൽ ഇസ്ലാമിനെപോലെ ഉത്തമമായ സംസ്കാരത്തിന്‌ പ്രകൃതിയുടെ കൽപന നടപ്പാക്കാതിരിക്കാനാവില്ലെന്ന് മൗദൂദി വാദിക്കുന്നുണ്ട്‌.സ്ത്രീകളെക്കുറിച്ചുള്ള ഈ ജീവശാസ്ത്രം-സത്താവാദം-അവളുടെ ബുദ്ധിപരവും മാനസികവും ശാരീരികവുമായ കഴിവുകളെയും സാർത്ഥകമായ വ്യക്തിത്വത്തെയും നിരാകരിക്കുന്നതാണ്‌".

തുടർന്ന് മറിയം ജമീലയുടെ യാഥാസ്ഥിതിക ലിംഗകൽപനകളെയും അവതാരികകാരൻ പരാമർശ്ശിക്കുന്നു.
"കുടുംബ സംവിധാനത്തിൽ പുരുഷനുള്ള അധികാരം ദൈവത്തിന്‌ പ്രപഞ്ചത്തിലുള്ള അധികാരത്തിന്റെ പ്രതീകമാണ്‌.ഇക്കാരണത്താലാണ്‌ പുരുഷൻ ബഹുമാനിക്കപ്പേടുന്നതെന്നും മറിയം ജമീല വാദിക്കുന്നുണ്ട്‌"

തുടർന്ന് 'ഇസ്ലാമിക ആധുനികതാവാദം' ഇജ്തിഹാദ്‌ പുനസ്ഥാപിച്ച്‌ കൊണ്ട്‌ നിയജ്ഞതയുടെ കർക്കശ യാഥാസ്ഥിതികതയെ തകർക്കാൻ ശ്രമിച്ചതിനെ പരാമർശ്ശിക്കുന്നു.ശൈഖ്‌ മുഹമ്മദ്‌ അബ്ദു(1849-1905)ഇസ്ലാമും ആധുനികതയും പരസ്പരപൂരകങ്ങളാണെന്ന് വാദിച്ചു.ഇസ്ലാമിലെ മതാനുഷ്ഠാന നിയമങ്ങളെ(ഇബാദത്ത്‌) സാമൂഹ്യവ്യവഹാരസംബന്ധിയായ നിയമങ്ങളിൽ നിന്ന് (മു ആമലത്ത്‌) വേർ തിരിക്കണമെന്ന അബ്ദുവിന്റെ നിലപാട്‌ ഒരു പുതിയ വ്യാഖ്യാന മാതൃകയുടെ വികാസത്തിന്‌ ഇടം നൽകുന്നുണ്ട്‌.ഇദ്ദേഹം ലിംഗസമത്വം ഇസ്ലാമിക സാമൂഹിക ഘടനയുടെ സത്തയാണെന്നു പാറഞ്ഞു.
എന്നാൽ ഇസ്ലാമിക ആധുനികതക്ക്‌ മതഭൗതിക പാരമ്പര്യങ്ങളുടെ പുരുഷവത്കരണത്തിനെ മറികടക്കാനായില്ല.തൽഫലമായി യാഥാസ്ഥിതിക സമീപനങ്ങൾ ലിംഗാധിഷ്ഠിത അധികാരഘടനയെ ആധുനികതയിലും പുനസൃഷ്ടിക്കുന്നത്‌ തുടർന്നു.

"എന്നാൽ വ്യാഖ്യാനങ്ങൾ ഖുർ-ആന്റെ ലോകവീക്ഷണത്തെ പ്രതിഫലിക്കണമെന്നും പാഠത്തിന്റെ സത്തയെ പ്രകാശിപ്പിക്കാത്ത നിയമങ്ങൾ മാറണമെന്നും പല ആധുനിക ഇസ്ലാമിക പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്‌.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള ഖുർ-ആന്റെ നിലപാടുകൾ ഏത്‌ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിലും നിലനിർത്തേണ്ട മനുഷ്യ സമത്വത്തിന്റെയും നീതിയുടെയും പ്രതീകമായാണ്‌ ഇസ്മാ-ഈൽ റാജി ഫാറൂഖിയെ പോലുള്ള പണ്ഡിതന്മാർ മനസ്സിലാക്കുന്നത്‌.ധാരാളം സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്ന വർത്തമാന ഘടനയിൽ ദാതാവെന്ന നിലയിൽ പുരുഷന്‌ സ്ത്രീക്ക്‌ മേൽ ആരോപിക്കപ്പെടുന്ന മുൻ ഗണനയുടെ വിവക്ഷ മാറ്റത്തിന്‌ വിധേയമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു....ഈ പണ്ഡിതന്മാർ മുസ്ലിം ഭൗതിക പാരമ്പര്യത്തിൽ പ്രാമാണ്യം നേടിയെങ്കിലും ലിംഗനീതിക്കു വേണ്ടിയുള്ള സ്ത്രീകളുടെ ശ്രമങ്ങൾ മുസ്ലിം ലോകം മുൻ വിധിയോടെയാണ്‌ കണ്ടത്‌".

ഇസ്ലാമിക സ്ത്രീവാദം

'പുരുഷ കേന്ദ്രിതമായ ആധുനികതാ വാദത്തെ ചോദ്യം ചെയ്തു കൊണ്ടാണ്‌ സ്ത്രീവാദം രംഗത്തു വന്നത്‌. എന്നാൽ ഇതിനെ ഇസ്ലാമിക കുടുംബ സംവിധാനത്തെ തുരങ്കം വെക്കനുള്ള പാശ്ചാത്യ സാമ്രജ്യത്വത്തിന്റെ ഗൂഢ പദ്ധതിയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഇതേ ആരോപണം ആദ്യകാല സ്ത്രീ മുന്നേറ്റങ്ങൾക്കെതിരെയും യാഥാസ്ഥികർ ഉന്നയിച്ചിരുന്നു എന്നു അഭിനവ യാഥാസ്ഥികർ ഓർക്കാറില്ല.ലിംഗനീതിയെ ക്കുറിച്ചുള്ള ഖുർ-ആന്റെ അടിസ്ഥാന തത്വങ്ങളെ വീണ്ടെടുക്കുകയാണ്‌ ഇസ്ലാമിക സ്ത്രീവാദം ലക്ഷ്യമിടുന്നത്‌'.

ഇതുവരെ പുരുഷാനുഭവങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ്‌ ഇസ്ലാമിക പ്രമാണങ്ങൾ വ്യാഖ്യാനിക്കപ്പെട്ടത്‌.ഇവയിൽ സ്ത്രീകളുടെ അനുഭവങ്ങളെ അവഗണിക്കുകയും പുരുഷ വീക്ഷണം,ആഗ്രഹം, അഭിനിവേശം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം അവയെ നിർണ്ണയിക്കുകയുംചെയ്തു.തൽഫലമായി ദൈവിക കൽപനയെന്നും പ്രകൃതിപരം,ധാർമ്മികം എന്നുമൊക്കെ വിശദീകരിക്കപ്പെട്ട പുരുഷാധിപത്യം മുസ്ലിം സാമൂഹിക പെരുമാറ്റത്തിന്റെ സാമാന്യ മാതൃകയായി മാറി'.

'എന്നാൽ ആശയങ്ങൾ അധിനിവേശത്തിന്റെ ഉപകരണമാകുന്നതിന്റെ ഉദാഹരണമാണ്‌ ഇസ്ലാമിക ഫെമിനിസം എന്ന വിമർശ്ശനം ഉണ്ടായി.പാശ്ചാത്യ റാഡിക്കൽ ഫെമിനിസത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീ വാദത്തിന്റെ തദ്ദേശീയ രൂപങ്ങൾ രൂപപ്പെട്ടതും സാമ്രാജ്യത്വത്തിന്റെ ഇടപെടൽ കൊണ്ടല്ല.മറിച്ച്‌ കാല ദേശങ്ങളുടെ അനിവാര്യതയെന്നോണമാണ്‌.അതുകൊണ്ട്‌ തന്നെയാണ്‌ ജൂത സ്ത്രീവാദവും കത്തോലിക്കാസ്ത്രീവാദവും ഇസ്ലാമിക സ്ത്രീവാദവുമെല്ലാം ഒരു പോലെ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്‌'.

'ഇസ്ലാമിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ടുള്ള ഇജ്തിഹാദാണിത്‌.ഇസ്ലാമിക സ്ത്രീവാദികൾ കുടുംബം,മാതൃത്വം,സന്താന പരിപാലനം തുടങ്ങി മിക്ക പ്രശ്നങ്ങളിലും റാഡിക്കൽ ഫെമിനിസ്റ്റുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.ഇസ്ലാമിനെ പോലെ ഇസ്ലാമിക ഫെമിനിസവും പാശ്ചാത്യ-പൗരസ്ത്യ വിഭജനങ്ങൾക്കതീതമാണ്‌'.

'ഇസ്ലാമിന്‌ സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമോ ഇല്ലെന്നും നിക്ഷ്പക്ഷമാണതെന്നും സ്ത്രീവാദം വിഭജനമുണ്ടാക്കുന്നുവെന്നുമാണ്‌ മറ്റൊരു വിമർശ്ശനം.സ്ത്രീയുടെ വ്യക്തിപരമായ അധികാരവും അതുവഴി മതാധികാര ഘടനയുടെ വികേന്ദ്രീകരണവുമാണ്‌ ഇത്‌ ലക്ഷ്യമിടുന്നതെന്നും വിമർശ്ശനം ഉണ്ട്‌'.

'വ്യാഖ്യാനപദ്ധതികൾ പ്രത്യയശാസ്ത്രമുക്തമല്ല.ആത്മനിഷ്ഠപരികൽപനകളും അതുൾക്കൊള്ളുന്നു.ഒരു പാഠത്തിന്‌ നൽകുന്ന അർത്ഥത്തിന്‌ ആ കൃതി വായിക്കപ്പെടുന്ന ഭാഷ,സാംസ്കാരിക പശ്ചാത്തലം എന്നിവയിൽ നിന്ന് തികച്ചും സ്വതന്ത്രമായി നിൽക്കാനാവില്ല.ആമിനാ വദൂദ്‌ പറയുന്നു: ഒരു വ്യാഖ്യാനവും പൂർണ്ണമായും വസ്തുനിഷ്ഠമോ വ്യാഖ്യാതാവിന്റെ പ്രത്യയശാസ്ത്രനിലപാടിൽ നിന്ന് മുക്തമോ അല്ല’.ഏതൊരു ഖുർ-ആൻ വ്യാഖ്യാനവും വ്യാഖ്യാനത്തിന്റെ അവസാനവാക്കല്ല.പുതിയ അർത്ഥങ്ങൾ ഖുർ-ആന്റെ സാർവ്വലൗകികത കൂടുതൽ പ്രകാശിതമാക്കുന്നു.അങ്ങിനെ വരുമ്പോൾ സ്ത്രീപക്ഷവായന നിക്ഷ്പക്ഷതയേയും നീതിയേയും വീണ്ടെടുക്കുന്നതിനാണ്‌ സഹായകമാകുക'.

'അടിച്ചമർത്തലോ അതിന്റെ കാരണമോ അതിന്റെ ന്യായീകരണമോ വ്യാഖ്യാനപരമാണെങ്കിൽ ആ വ്യാഖ്യാനത്തിലെ മർദ്ദനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്ന വ്യാഖ്യാനങ്ങളാണ്‌ സ്ത്രീവാദം നടത്തുന്നത്‌'.

'ഖുർ-ആനിന്‌ ഉള്ളിലുള്ള ആശയപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനോ പ്രമേയങ്ങൾ തിരിച്ചറിയുവാനോ മിനക്കെടാതെ വിവിധ വിഷയങ്ങളാൽ സ്വാധീനിക്കപ്പെട്ട കേവലവ്യാഖ്യാനങ്ങളാണ്‌ സാമ്പ്രദായിക വ്യാഖ്യാനങ്ങളെന്ന് ആമിനാവദൂദ്‌ നിരീക്ഷിക്കുന്നു'.

'തൗഹീദ്‌,ഖിലാഫത്ത്‌ എന്നീ ഖുർ-ആനിക സങ്കൽപനങ്ങളാണ്‌ സ്ത്രീവാദ വ്യാഖ്യാനമാതൃകയുടെ അടിസ്ഥാനം.എല്ലാ സൃഷ്ടികളെയും ഇണകളായാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുർ-ആൻ.സൃഷ്ടിക്കപ്പെടാത്തത്‌ ദൈവം മാത്രം.അവൻ ഏകനാണ്‌.സൃഷ്ടികൾക്കിടയിൽ അധികാരശ്രേണിയില്ല.അത്‌ അനീതിയെ(ളുൽമ്‌) സൂചിപ്പിക്കുന്നു.അതുകൊണ്ട്‌ തന്നെ ലിംഗപരമായ അധികാര ഘടന തൗഹീദിന്റെ വിവക്ഷക്കെതിരാണ്‌.ഖുർ-ആനിൽ ലിംഗപരമായ തൊഴിൽ വിഭജനവും ഇല്ല'.

'നീതിയിലല്ലാത്ത എല്ലാ അധികാര ഘടനയേയും ഇസ്ലാമിക സ്ത്രീവാദം നിരാകരിക്കുന്നു.ഇത്‌ പൗരോഹിത്യത്തിന്റെ പിടിയിൽ നിന്ന് വിശ്വാസത്തെയും ഇസ്ലാമിക വിജ്ഞാനീയങ്ങളെയും മുക്തമാക്കുന്നു.അധികാരം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും വ്യാപിക്കുക എന്നത്‌ ജനാധിപത്യത്തിന്റെ പ്രയോഗവൽക്കരണമാണ്‌.അരാജകത്വമല്ല.ഇത്‌ വിമോചനത്തിന്റെ വ്യാഖ്യാന ശാസ്ത്രമാണ്‌.ഇത്‌ മതത്തിനും മതേതര ചിന്തക്കുമിടയിൽ നില നിന്നിരുന്ന ശത്രുതാപരമായ സമീപനത്തിനു പകരം സംവാദത്തിന്റെ ഒരു ഇടം സാധ്യമാക്കുന്നു.സംവാദത്തിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും അതിന്റെ ബലഹീനതകളെ അതിജീവിക്കാനാകൂ'.
************************************
അടുത്ത രണ്ട്‌ പോസ്റ്റുകളിൽ ആമിനാവദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിന്റെ ഒരു ലഘു വിവരണം നൽകാം.

1 comment:

  1. 'മഴവിൽ ഇസ്ലാം’ ന് ആശംസകൾ....

    ReplyDelete