Saturday, 10 July 2010

അഹിംസയും ഇസ്ലാമും-അസ്ഗർ അലി എഞ്ചിനീയർ

അസ്ഗർ അലി എഞ്ചിനീയറുടെ 'ഇസ്ലാം ഒരു പുനർവ്വായന' എന്നപുസ്തകത്തിന്റെ രണ്ടാം അധ്യായം 'അഹിംസ' യാണ്.
ഇസ്ലാമിൽ വാളിനാണ് അഹിംസക്കല്ല സ്ഥാനം എന്ന ധാരണ ഇന്നും പ്രബലമാണ്.പടിഞ്ഞാറിലൂടെ അങ്ങിനെയൊരു ധാരണ/മുൻ വിധി വ്യാപിച്ചതിന്റെ ചരിത്രപരമായ കാരണം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്(കുരിശുയുദ്ധം,മുസ്ലിം കോളനികളിലെ കോളനിവിരൂദ്ധസമരങ്ങൾ).
ഇന്ത്യയിലും,വിശേഷിച്ച് ഹിന്ദു അഭ്യസ്ഥവിദ്യർക്കിടയിലും ഇസ്ലാമിനെക്കുറിച്ചുള്ള ഈ മുൻ വിധി രൂഢമൂലമായതിന്റെ പശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇസ്ലാമിന്റെ ജിഹാദ് സങ്കൽപത്തെ മുസ്ലിംകളും അമുസ്ലിംകളും ഒരു പോലെ തെറ്റിദ്ധരിച്ചിരിക്കുന്നു.ഖുർ-ആൻ സൂഖങ്ങളുടെ പാഠവും സന്ദർഭവും വെളിപാടിന്റെ ചരിത്രവും നിമിത്തങ്ങളുമൊക്കെ വേർത്തിരിച്ചറിയാനുള്ള അഭിജ്ഞാനമില്ലാത്തവർ ഖുരാന്റെ യുദ്ധോത്സുകത അപ്പടി ധരിച്ചുവെച്ചു.
ഇസ്ലാം എന്ന പദം തന്നെ അക്രമത്തെയും ഹിംസയെയും നിരാകരിക്കുന്നു.അല്ലാഹു റഹ്മാനും റഹീമുമാണ്.കാരുണികൻ ,ദയാപരൻ.അല്ലാഹുവിന് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും കരുണചെയ്യുന്നവനാണ് എന്നാണ് വിവക്ഷ.മാത്രമല്ല അവന്നീതിമാനാണ്(ആദിൽ).ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട് അനീതികാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടേ എന്ന് ദൈവം ഖുർ-ആനിലൂടെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു.
വിഭാഗീയതയുടെ പേരിൽ രക്തം ചിന്തരുത്.നീതിമാനായ അല്ലാഹുവിന്റെ ഇച്ഛയെ സർവ്വാത്മനാ വരിച്ച ഒരു മുസ്ലിമിനും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലല്ലാതെ ഒരു തുള്ളീ രക്തം ചിന്താൻ കഴിയില്ല.

മതപ്രബോധനത്തിൽ നിർബന്ധം പോലും പാടില്ലെന്ന് ഖുറാൻ.എന്നിട്ടല്ലേ ബലപ്രയോഗവും ഹിംസയുമൊക്കെ.സ്വന്തം ആദ്ധ്യാത്മിക ബോധ്യത്തിലൂടെയായിരിക്കണം ഒരാൾ മുസ്ലിമാകേണ്ടത്.
"ജ്ഞാനവും ധർമ്മോപദേശവും കൊണ്ട് മനുഷ്യരെ ദൈവമാർഗ്ഗത്തിലേക്ക് ക്ഷണിക്കുക.സൗമ്യമായിട്ടായിരിക്കണം പ്രബോധിതരോട് സംവദിക്കേണ്ടത്".(ഖുറാൻ,16:125).

അന്യ മതവിശ്വാസികളെയും അവരുടെ ദൈവങ്ങളെയും ആക്ഷേപിക്കരുതെന്നും കാരണം ഒരോ സമൂഹത്തിനും അവരുടെ പ്രവൃത്തികൾ ശരിയും മനോജ്ഞവുമായിരിക്കും എന്നും ഖുറാൻ പറയുന്നു.(6:108)
ദൈവം വ്യത്യസ്ത സമൂഹങ്ങളെ ഒറ്റ സമൂഹമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഓരോരുത്തർക്കും കിട്ടിയ നിയമങ്ങളുടെയും രീതികളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ പരീക്ഷക്കുകയാണ് ചെയ്യുന്നതെന്നും ഖുറാൻ(5:48)
ആരാധനാ രീതികളല്ല ഉത്തമവിശ്വാസമാണ് പ്രസക്തം.
ഇസ്ലാമിലെ ഹിംസക്കു കാരണം ഖുറാനല്ല ചരിത്രമാണ്.അതിനാൽ സവിശേഷ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുന്ന അക്രമത്തിനും ഹിംസക്കും മതത്തെയോ വിശ്വാസത്തെയോ പഴിക്കുന്നതിൽ അർത്ഥമില്ല.
ഖുറാന്റെ മോക്ഷസങ്കൽപവും വിശാലമാണ്.മറ്റു മതസ്ഥനും വിശ്വാസത്തിനും സൽക്കർമ്മത്തിനും രക്ഷയുണ്ട്,പേടിക്കേണ്ടെന്ന് ഖുറാൻ(2:62)

ഇസ്ലാമിൽ സർവ്വമതസമഭാവനക്കും മാനവികതക്കും ഇതിൽ പരം ഒരു തെളിവു വേണ്ട.അന്യമതങ്ങളെ തിരുത്താനോ തുരത്താനോ അല്ല, പൂർത്തീകരിക്കാനും സ്ഥിരീകരിക്കാനുമാണ് ഇസ്ലാം വന്നത്.
എന്നാൽ ഇസ്ലാം കേവല അഹിംസാ ധർമ്മമല്ല.അതൊരിക്കലും ഹിംസക്കു വേണ്ടി വാദിക്കുന്നില്ല.പൂർണ്ണമായി തള്ളികളയുന്നുമില്ല.മനുഷ്യ ജീവിതം നിറയേ വൈരുധ്യങ്ങളാണ്.ഇവയത്രയും ഇസ്ലാമിന്റെ ദൈവശാസ്ത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.വെറും അമൂർത്തമായ ഏതാനും ആധ്യാത്മിക സിദ്ധാന്തങ്ങൾക്കു വേണ്ടി വാദിക്കുകയല്ല ഖുറാൻ.അതിന്റെ ദൈവശാസ്ത്രത്തിന് മൂർത്തമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിക്കാനാവില്ല.സൂക്ഷ്മമായി നിരീക്ഷിച്ചാൽ എല്ലാ വേദങ്ങളും സാന്ദർഭിക വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നു കാണാം.ഖുർ-ആനും ഇതിനപവാദമല്ല.വാസ്തവത്തിൽ വേദങ്ങൾ ആദർശ്ശാത്മകവും സന്ദർഭോചിതവുമായ രണ്ടുതരം ഉത്തരങ്ങളാണു നൽകുന്നത്.ഇസ്ലാമിന്റെ ആദർശ്ശം അഹിംസ തന്നെയാണ്>സന്ദർഭത്തിന്റെ താൽപര്യമനുസരിച്ച് അത് ഹിംസ പൂർണ്ണമായി തള്ളിക്കളയുന്നില്ലെങ്കിലും.

ആദർശ്ശപരമായി ഹിന്ദു മതവും ഒരഹിംസാ മതമാണ്.എന്നാൽ യുദ്ധം അടിച്ചേൽപിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ ഹിംസ അതിലും സംഭവിച്ചു.കൃഷനന്റെ ഗീതോപദേശം ഉദാഹരണം.ചൂഷണത്തിന്റെയു മേർദ്ദനത്തിന്റെയും ശക്തികൾ യുദ്ധം അടിച്ചേൽപിക്കുമ്പോൾ ചിലസാഹചര്യങ്ങളിൽ വേണ്ടിവരും.എന്നാൽ മതപ്രചരണത്തിനു വേണ്ടി ഇസ്ലാമിൽ യുദ്ധത്തിന് ഒരു ന്യായീകരണവുമില്ല.

വേദക്കാരെ വധിക്കണമെന്ന് പറയുന്ന സൂക്തങ്ങളുടെ സാന്ദർഭികത എഞ്ചിനീയർ വിശദീകരിക്കുന്നുണ്ട്.അന്നതെ യുദ്ധസാഹചര്യങ്ങളിലും രാഷ്ട്രീയ സാഹചര്യത്തിലും അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളെ സമാന്യവൽക്കരിക്കുന്നത് തെറ്റാണ്.

ഇസ്ലാമിനു മുമ്പുള്ള അറബി ഗോത്രങ്ങളുടെ ചരിത്രവും അവർക്കിടയിൽ നടന്നിരുന്ന ഘോരയുദ്ധങ്ങളും പഠിച്ചാൽ അഹിംസാത്മകമായ സഹനസമരങ്ങളുടെ തത്വശാസ്ത്രം അന്നത്തെ ചുറ്റുപാടിൽ അപ്രായോഗികമായിരിക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോട് മാത്രമേ അങ്ങോട്ട് യുദ്ധം ചെയ്യാൻ പാടുള്ളൂ.അക്രമം പാടില്ല. നിരായുധരെ ആക്രമിക്കാനും പാടില്ല.ഖുറാൻ പറയുന്നു.
ഖുറാൻ വിഗ്രഹാരാധകരെ രണ്ടായിതിരിക്കുന്നെന്ന് നിയമശാസ്ത്രികൾ പറയുന്നു.(9:4)സൂക്തത്തെ അവലംബമാകിയാന് ജാം ഇയ്യത്തുൽ ഉലമ, ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ എതിർത്ത് കോൺഗരസ്സിന്റെ പിന്നിലണിനിരക്കാൻ മുസ്ലിംകളെ ആഹ്വാന ചെയ്തത്.

ഇസ്ലാം നിർബന്ധ മതപരിവർത്തനത്തിനെതിരാണ്.തടവുകാരനായി പിടിക്കപ്പെടുന്നവരെ പോലും അവരുടെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ഖുറാൻ പറയുന്നത്.അവർക്ക് ദൈവസൂക്തങ്ങൾ കേൾപ്പിക്കാൻ അവസരം നൽകുക മാത്രമേ ചെയ്യാവൂ.

ഖുറാന്റെ ആത്യന്തികസത്ത അഹിംസയെ പി ന്തിണക്കുന്നു.അതാണ് ഖുർ-ആനെ ചരിത്ര പരമായി വായിക്കുമ്പോൾ മനസ്സിലാകുന്നതെന്ന് അസ്ഗർ അലി എഞ്ചിനീയർ കാണിച്ചു തരുന്നു.
തുടരും......
പെൺ ഇസ്ലാം:ഒരു മുഖവുര

No comments:

Post a Comment